അപകടക്കാട്... കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ റോഡരികിലെ പൊന്തക്കാട്.
ചങ്ങരംകുളം: വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണിയായി സംസ്ഥാന പാതയോരത്തെ പൊന്തക്കാടുകള്‍. ദൂരക്കാഴ്ച മറച്ചുള്ള പൊന്തക്കാടുകള്‍ എതിരേ വരുന്ന വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കാണാനാകാത്ത സാഹചര്യമുണ്ടാക്കുകയാണ്.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മുതല്‍ കോലിക്കരവരെയുള്ള മേഖലയില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ റോഡരികിലൂടെ നടന്നുപോകാറുണ്ട്.
പാതയോരം മുഴുവന്‍ പുല്ലും കാടും നിറഞ്ഞ് റോഡിലേക്ക് ഇറങ്ങിയതോടെയാണ് കാല്‍നടയാത്ര അപകടഭീഷണിയിലായിരിക്കുകയാണ്. തിരക്കേറിയ പാതയോരത്താണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന അസബാഹ് കോളജ്, എംവിഎം സ്കൂള്‍ അടക്കമുള്ളത്.
ചങ്ങരംകുളം ടൗണ്‍ മുതല്‍ വളയംകുളം വരെയുള്ള പാതയോരത്ത് ടൗണ്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഒഴിവാക്കിയ മണ്ണും കോണ്‍ക്രീറ്റ് മാലിന്യവും തള്ളിയിട്ട് മാസങ്ങളായി. മഴ പെയ്തതോടെ ഇവ മുഴുവന്‍ ചെളിയായി റോഡില്‍ ഇറങ്ങിക്കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാതയോരത്തുനിന്ന് മുറിച്ച മരങ്ങളും ജല്‍ജീവന്‍ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളും കെഎസ്ഇബി ഇറക്കിയിട്ട വൈദ്യുതി കാലുകളും ഇവിടെ അലക്ഷ്യമായി കിടക്കുകയാണ്.
ഇത്തരമൊരു അവസ്ഥയായിട്ടും പൊതുമരാമത്ത് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാതയോരത്തെ ഡ്രൈനേജുകള്‍ മുഴുവന്‍ കല്ലും മണ്ണും മാലിന്യവും മൂടി അടഞ്ഞ അവസ്ഥയിലാണ്. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ തിരക്കേറിയ പാതയില്‍ കെട്ടിക്കിടക്കുന്നതും അപകടകരമാണ്.
Tags : Local News Nattuvishesham Malappuram