വിഴിഞ്ഞം : കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യ യാത്ര എന്ന സർക്കാർ പ്രഖ്യാപനം തീരദേശത്തുകാർക്ക് ലോട്ടറിയടിച്ച കണക്കെയാണ്. ജില്ലയിലുടനീളം തലങ്ങും വിലങ്ങും ഓടുന്ന പൂവാർ ഡിപ്പോയിലെ ബഹുഭൂരിപക്ഷം ബസുകളിലും തിങ്കളാഴ്ച മുതൽ സ്ത്രീകൾക്ക് പണം കൊടുക്കാതെ കയറിയിറങ്ങാം. വർഷങ്ങളായി പുതിയ ബസുകൾ ഒന്നും അനുവദിച്ച് നൽകാത്ത പൂവാർ ഡിപ്പോയിൽ നിന്ന് ശരാശരി 45 ബസുകൾ ഓടുന്നുണ്ട്.
ഇവയിൽ 37-ഉം ഓർഡിനറി യെന്നതാണ് ഏറെ പ്രത്യേകത. ഇനിയുള്ള ആറ് ഫാസ്റ്റുകളും ഒരു സൂപ്പർ ഫാസ്റ്റും കൊണ്ട് വേണം വരുമാനം കൂട്ടാൻ. നേരത്തെ 65 മുതൽ 70 വരെ ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഡിപ്പോ ആയ പൂവാറിൽ കാലപ്പഴക്കം ചെന്നവ കണ്ടം ചെയ്തതോടെ ബസുകളുടെ എണ്ണം 45 ആയി ചുരുങ്ങി. നെയ്യാറ്റിൻകര -കാട്ടാക്കട, കാഞ്ഞിരംകുളം - തിരുവനന്തപുരം, വിഴിഞ്ഞം - തിരുവനന്തപുരം, ഊരമ്പ് - കളിയിക്കാവിള എന്നിവയാണ് ഡിപ്പോയുടെ പ്രധാന റൂട്ടുകൾ. എപ്പോഴും തിരക്കുള്ള റൂട്ടുകളിലെ യാത്രക്കാരിൽ ബഹുഭൂരിപക്ഷവും വനിതകളാണെന്ന് അധികൃതർ പറയുന്നു.
സൗജന്യ യാത്ര ഉറപ്പാക്കാൻ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ ഒട്ടിക്കൽ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ മുതൽ നിരത്തിലിറങ്ങും. തീരദേശത്തെ മറ്റൊരു പ്രധാന ഡിപ്പോയായ വിഴിഞ്ഞത്ത് നിന്നും 45 ഓളം ബസുകളിൽ ഭൂരി പക്ഷവും സിറ്റി ഫാസ്റ്റ് എന്ന പേരിലാണ് തീരദേശ റോഡിലൂടെ ഓടുന്നത്.
കണ്ടാൽ ലോക്കലിന് സമാനമെങ്കിലും ഇവയിൽ സൗജന്യ യാത്ര ഉണ്ടാകില്ല.
കളിയിക്കാവിള മുതൽ പൂവാർ വഴി തിരുവനന്തപുരം വരെയും, ബാലരാമപുരം വഴി കാട്ടാക്കടക്കും, പള്ളിച്ചൽ വഴി തിരുവനന്തപുരം എന്നിവയാണ് വിഴിഞ്ഞത്തെ പ്രധാന റൂട്ടുകൾ.
വനിതകളുടെ തിരക്ക് പരിഗണിച്ച് സർക്കാർ കൂടുതൽ ബസുകൾ വിഴിഞ്ഞത്തേക്ക് അനുവദിച്ച് തരുമെന്ന വിശ്വാസത്തിലാണ് തീരദേശവാസികൾ.
Tags : nattu vishesham Free travel women is like winning