ഹോട്ടലുടമ കെ.എ. തോമസ് സ്വർണ മോതിരം സൂപ്രണ്ട് രതീഷിന് കൈമാറുന്നു.
ആലുവ: കൈ കഴുകന്നതിനിടെ തെറിച്ചു പോയ ഏഴ് ഗ്രാമിന്റെ വിവാഹ സ്വർണ മോതിരം ഹോട്ടലിൽ നിന്ന് രണ്ടാം ദിനം ഉടമയ്ക്ക് തിരികെ കിട്ടി. ആലുവ നഗരസഭാ സൂപ്രണ്ട് രതീഷിന് അന്നപൂർണ ഹോട്ടൽ ഉടമ കെ.എ. തോമസ് തിരികെ നൽകി.
ആലുവ സെന്റ് മേരീസ് സ്കൂളിന് മുന്നിലുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് മോതിരം ഉടമയ്ക്ക് കിട്ടിയത്. എന്നാൽ രണ്ടാം ദിവസവും ഭക്ഷണം കഴിക്കാനെത്തിയ സ്ഥിരം സന്ദർശകനായ സൂപ്രണ്ട് ഇതറിഞ്ഞിരുന്നില്ല. ആരും അന്വേഷിച്ച് വരാത്തതിനാൽ ഉടമ ആലുവയിലെ മാധ്യമ പ്രവർത്തകരെ വിവരം അറിയിച്ചു.
മാധ്യമ പ്രവർത്തകരുടെ ഫേസ് ബുക്ക് പേജിൽ കണ്ടാണ് സൂപ്രണ്ട് ഹോട്ടലുടമയെ വിളിക്കുന്നത്. ആലപ്പുഴ സ്വദേശിയായ സൂപ്രണ്ട് സമീപത്തെ നഗരസഭാ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ദിവസവും ഭക്ഷണം കഴിക്കുന്ന സ്ഥലമായിട്ടും രാവിലെ ചോദിച്ചതുമില്ല. മാധ്യമ പ്രവർത്തകരിൽ നിന്നറിഞ്ഞ് സൂപ്രണ്ട് ഹോട്ടലിൽ ഉച്ചയോടെ ചെല്ലുകയായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം കൈ കുടഞ്ഞപ്പോഴാണ് മോതിരം ഊരിപ്പോയത്. പക്ഷെ എവിടെയാണ് മോതിരം പോയതെന്ന് അറിഞ്ഞിരുന്നില്ല. ഭാര്യയുടെ പേരായ ജ്യോതി എന്ന വാക്കാണ് തിരിച്ചറിയാനായി തെളിവായി പറഞ്ഞത്. അത് ബോധ്യമായ ശേഷമാണ് മോതിരം അന്നപൂർണ ഹോട്ടൽ ഉടമ കെ.എ. തോമസ് കൈമാറിയത്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് കെ.എ.തോമസ്.