ഇന്നും ലോകത്തിനു പ്രത്യാശ പകരുന്ന തിരുനാൾ
മരണത്തിനുമേൽ ജീവനും അന്ധകാരത്തിനുമേൽ പ്രകാശവും വിജയം വരിച്ചതിന്റെ ഓർമ വീണ്ടെടുത്ത് നാം ഈസ്റ്റർ ആഘോഷിക്കുകയാണ്.
ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം; അവൻ ഇവിടെയില്ല; താൻ അരുൾചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു (മത്തായി 28: 56) എന്ന മാലാഖയുടെ വാക്കുകൾ രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ലോകത്തിനു പകരുന്നതു പ്രത്യാശയാണ്.
ഇന്നു യുദ്ധങ്ങളുടെയും വംശീയകലാപങ്ങളുടെയും വാർത്തകൾ ദിനംപ്രതി നമ്മെ വേട്ടയാടുന്നു. ഈ ഇരുണ്ട പശ്ചാത്തലത്തിൽ, ഉത്ഥിതനായ ക്രിസ്തുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാണ്. വിദ്വേഷവും കലഹങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ സമാധാനത്തിന്റെ വക്താക്കളാകാനും, അത്യാധുനികകാലത്തിൽ ഡിജിറ്റൽ മിഷനറിമാരായിക്കൊണ്ടും ഈസ്റ്ററിന്റെ യഥാർഥസന്ദേശം ലോകം മുഴുവൻ ജീവിതംകൊണ്ട് കൊടുക്കാനും, ലെയോ മാർപാപ്പ പറഞ്ഞതുപോലെ പ്രത്യാശയുടെ മിഷനറിമാരാകാനും നമുക്കു സാധിക്കുന്പോഴാണ് ഈസ്റ്റർ അർഥപൂർണമാകുക.
ഇന്നത്തെ നമ്മുടെ ചുറ്റുപാടുകളും സമൂഹവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ, സത്യസന്ധതയും നീതിയും ഉയർത്തിപ്പിടിക്കുന്ന നേതൃത്വത്തിനായി പ്രാർഥിക്കാം. രാഷ്ട്രീയമായ ചേരിതിരിവുകൾക്കപ്പുറം നമ്മുടെ നാടിന്റെ ഐക്യവും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കാൻ ജാഗരൂകരാകണം.
കർഷകജനതയുടെ കണ്ണുനീരും തീരദേശ മലയോരമേഖലകളിലെ പ്രശ്നങ്ങളും വിസ്മരിക്കരുത്. അതിജീവനത്തിനായി പോരാടുന്നവരോടൊപ്പം നിൽക്കുക എന്നതു ക്രിസ്തീയദൗത്യമാണ്. വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുടിയേറ്റപ്രശ്നങ്ങളും കേരളീയയുവതയ്ക്കു വെല്ലുവിളിയാകുന്പോൾ, ഉത്ഥിതന്റെ പ്രകാശത്തിൽ പുതിയൊരു ദിശാബോധം കണ്ടെത്താൻ നമുക്കു സാധിക്കണം.
യേശു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും (യോഹന്നാൻ11: 25). തകർച്ചകളിൽനിന്ന് പുതിയൊരു ജീവിതത്തിലേക്ക് ഉയരാൻ ഈ വചനം നമുക്കു കരുത്തു നൽകട്ടെ.
സത്യത്തിന്റെയും നീതിയുടെയും അന്തിമവിജയം
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അദ്ഭുതമാണ് ക്രിസ് തുവിന്റെ പുനരുത്ഥാനം. ഇരുളിന്റെമേല് വെളിച്ചവും മരണത്തി ന്മേല് ജീവനും നേടിയ വിജയമാണിത്. ഈ മഹാസം ഭവത്തില്‍നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്നു ചിന്തകള്‍ പങ്കുവയ്ക്കട്ടെ.
തിന്മയ്ക്കും അസത്യത്തിനും താത്കാലികമായ വിജയങ്ങള്‍ ഉണ്ടായേക്കാം. ക്രിസ്തുവിനെ വിചാരണ ചെയ്തപ്പോഴും ക്രൂശിച്ചപ്പോഴും അനീതി ജയിച്ചു എന്നു ലോകം കരുതി. എന്നാല്‍ മൂന്നാംനാള്‍ ശൂന്യമായ കല്ലറ ലോക ത്തോടു വിളിച്ചുപറഞ്ഞു: സത്യം എന്നും ജയിക്കും. വിശുദ്ധ അഗസ്റ്റിന് പറഞ്ഞതുപോലെ, ദൈവം ഒന്നിനെയും വെറുതെ സംഭവിക്കാന്‍ അനുവദിക്കുന്നില്ല. തിന്മയില്‍നിന്നുപോലും നന്മ ഉളവാക്കാന്‍ അവിടുത്തേക്കു കഴിയുന്നു.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. സത്യവും സ്നേഹവുമാണ് എപ്പോഴും വിജയിച്ചിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാം. സ്വേച്ഛാധിപതികളും കൊലപാതകികളും, അനീതിയും അഴിമതിയും ചെയ്യുന്നവരും ഒരുകാലത്ത് അജയ്യരായി തോ ന്നിയിരിക്കാം. പക്ഷേ, അവസാനം അവര്‍ തകര്‍ന്നടിയും. ഉത്ഥിതനായ ഈശോ സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനമാണ് നമുക്കു നല്‍കുന്നത്.
യേശു തന്റെ ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ കാണിച്ചുകൊടുത്തതു തന്റെ മഹത്വത്തിന്റെ കിരീടമല്ല, മറിച്ച് പീഡാനുഭവത്തിന്റെ മുറിപ്പാടുകളാണ്. ആ മുറിവുകള്‍ വിജയത്തിന്റെ അടയാളങ്ങളായിരുന്നു. കുരിശിലെ വേദനയില്ലാതെ ഉയിര്‍പ്പിന്റെ സന്തോഷമില്ല. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും രോഗങ്ങളും തകര്‍ച്ചകളും വെറുതെയല്ല. അവ ദൈവമഹത്വത്തിലേക്കുള്ള വഴികളാണ്. കുരിശുചുമക്കാന്‍ തയാറുള്ളവര്ക്കുമാത്രമേ ഉയിര്‍പ്പിന്റെ ആനന്ദം അനുഭവിക്കാന്‍ കഴിയൂ.
ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞത് അവിടുത്തെ മുറിപ്പാടുകളിലൂടെയാണ്.ഈസ്റ്റര്‍ വെറുമൊരു ആഘോഷമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണ്. കല്ലറയ്ക്കു പുറത്തുവന്ന ക്രിസ്തുവിനെപ്പോലെ നമ്മുടെ ഭയങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും പുറത്തുവന്ന് പ്രത്യാശയുടെ വെളിച്ചത്തില്‍ നടക്കാന്‍ നമുക്കു സാധിക്കട്ടെ.
സമാനതകളില്ലാത്ത ഇടയന്റെ ഉയിർത്തെഴുന്നേൽപ്പ്
ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു (1 കൊറി. 15:20). പാപത്തെയും സാത്താനെയും അവസാനം മരണത്തെയും തോല്പിച്ച് മരിച്ചവരിൽനിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ എന്നേക്കുമുള്ള വിജയമാണ് ഉയിർപ്പുതിരുനാളിൽ ആഘോഷിക്കുന്നത്.
ആടുകൾക്കുവേണ്ടി ജീവൻ കൊ ടുത്ത, അവർക്കുമുന്പേനടന്ന, നല്ല മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയ, അവരെ പേരുചൊല്ലി വിളിച്ച, ശത്രുക്കളിൽനിന്നു രക്ഷിച്ച, ലോകത്തിനു സമാധാനം കല് പിച്ച, ഞാനാണ് വഴിയും സത്യവും ജീവനും എന്നു പഠിപ്പിച്ച, നല്ല ഇടയനായ ക്രിസ്തുവിന്റെ മാതൃകയ്ക്കും താൻ കാണിച്ചുതന്ന സ്നേഹവിപ്ലവത്തിന്റെ മാർഗത്തിനും മരണത്തിൻമേലുള്ള ഉയിർത്തെഴുന്നേൽപ്പിനും സമാനതകളില്ല.
അധികാരം പിടിച്ചെടുക്കാനായി കപടവാഗ്ദാനങ്ങൾ നൽകുന്ന, ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടുന്ന, ഭയം ഉപയോഗിച്ച് അധികാരം ഉറപ്പിക്കുന്ന, സത്യം മറച്ചുവച്ച് നുണ വിതറുന്ന, വെറുപ്പ്, വിഭജനം, ഭയം തുടങ്ങി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന, അധികാരാവകാശങ്ങൾ കവർന്നെടുക്കു ന്ന, യുദ്ധങ്ങളും രാഷ്ട്രീയകലഹങ്ങളും നിറഞ്ഞ ഈ ലോകത്തിൽ, ഇന്നത്തെ നേതാക്കളുടെ ഇടയിൽ യേശു വ്യത്യസ്തനാണ്: ആടുകൾക്കുമുന്നിൽ നടക്കുന്നു.
അവർക്കുവേണ്ടി അവൻ ജീവനെ കൊടുക്കുന്നു. അവന്റെ സമാധാനശബ്ദം സ്നേഹത്തിലൂടെ ഐക്യത്തിലേക്കും സത്യത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. ക്രിസ്തുവിന്റെ രാഷ്ട്രീയമാതൃക പിന്തുടരാൻ ഇന്നത്തെ ലോകനേതാക്കൾക്കു കഴിഞ്ഞിരുന്നെങ്കിൽ ലോകസമാധാനപ്രത്യാശയും, ഇന്നത്തെ മരിച്ച അവസ്ഥകളിൽനിന്നുള്ള ഉയിർത്തെഴുന്നേല്പും അതിവിദൂരമല്ല എന്നാശിക്കുന്നു.
പുതിയ തുടക്കത്തിലേക്കുള്ള ആത്മീയ അനുഭവം
ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങൾ ക്രൈസ്തവവിശ്വാസത്തിന്റ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല, മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.
പ്രത്യാശയാണ് ഈസ്റ്ററിന്റെ പ്രധാന സന്ദേശം. ഇന്നത്തെ ലോകം അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും നിറഞ്ഞു നിരാശയിൽ നിപതിക്കുമ്പോൾ ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നത് ദുഃഖത്തിനും ഇരുട്ടിനും അപ്പുറം ഒരു പുതിയ വെളിച്ചമുണ്ട് എന്നതാണ്. ജീവിതത്തിലെ പരാജയങ്ങളും വേദനകളും നമ്മെ തളർത്തുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മാതൃക നമ്മെ വീണ്ടും ഉയർന്നുനിൽക്കാൻ പ്രചോദിപ്പിക്കുന്നു.
ഇന്നത്തെ മാധ്യമസ്വാധീന സാഹചര്യങ്ങളിൽ ഈസ്റ്ററിനു വളരെ വലിയ പ്രസക്തിയുണ്ട്. വ്യക്തിജീവിതത്തിലെ അകൽച്ചയും, സ്വാർഥതയുടെയും സംഘർഷങ്ങളുടെയും അതിപ്രസരവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈസ്റ്റർ സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം നൽകുന്നു. മറ്റുള്ളവരെ മനസിലാക്കാനും ക്ഷമിക്കാനും ഒത്തൊരുമയോടെ ജീവിക്കുവാനും ആഹ്വാനം ചെയ്യുന്നു.
ഈസ്റ്റർ നമ്മെ ഒരു ആത്മപരിശോധനയിലേക്കു ക്ഷണിക്കുന്നു. ശരിയും തെറ്റും തിരിച്ചറിഞ്ഞു ശരിയിൽ ഉറച്ചുനിൽക്കാനുള്ള വൈഭവമാണ് ഉയിർത്തെഴുന്നേല്പ് സമ്മാനിക്കുന്നത്. ഈസ്റ്റർ സന്തോഷത്തിന്റെയും പുതുജീവിതത്തിന്റെയും തിരുനാളാണ്. ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ കൂടുതൽ പ്രത്യാശയും ശരിയായ ലക്ഷ്യവും കണ്ടെത്താൻ ഈ ദിനം പ്രചോദനമാകട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
ഉത്ഥാനത്തിന്റെ മക്കളാകാനുള്ള വിളിയാണ് ഈസ്റ്റർ
മരണത്തോടെ അവന്റെ കഥയവസാനിച്ചെന്നു കരുതിയ ശത്രുക്കൾപോലും ആദ്യ ഈസ്റ്ററിൽ തിരിച്ചറിഞ്ഞു, ക്രിസ്തുവിന്റെ കഥ ആരംഭിച്ചിട്ടേയുള്ളൂ എന്ന്. അത് ആദ്യം പ്രഘോഷിച്ചതാകട്ടെ, ദൈവദൂതനും. അവന്റെ ചേതനയറ്റ മൃതശരീരം അന്വേഷിച്ചുവന്ന സ്ത്രീകളോട് അവൻ പറഞ്ഞു: ""ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപേലെ അവൻ ഉയിർപ്പിക്കപ്പെട്ടു'' (മത്തായി 28:5-6).
മഗ്ദലനായിലെ മറിയത്തിൽ ആരംഭിച്ച് തുടർന്നങ്ങോട്ട് ഉത്ഥിതനെ കണ്ടുമുട്ടിയവരുടെ അനേകം ജീവിതസാക്ഷ്യങ്ങൾ ബൈബിൾ നമ്മോടു പങ്കുവയ്ക്കുന്നു. വിജയപരാജയങ്ങളിലൂടെയും ഉയർച്ചതാഴ്ചകളിലൂടെയും കടന്നുപോയ സഭയുടെ രണ്ടു സഹസ്രാബ്ദങ്ങൾ ഇന്നും ജീവിക്കുന്നവനായ യേശുക്രിസ്തുവിന്റെ ചരിതമാണ് നമ്മെ പഠിപ്പിക്കുന്നത്. യേശുക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന യാഥാർഥ്യത്തിന്റെ പ്രഘോഷണവും ആഘോഷവുമാണ് ഈസ്റ്റർ.
ഉത്ഥാനത്തിന്റെ മക്കളായി ജീവിക്കാനുള്ള വിളിയാണ് ഈ സ്റ്റർ നമുക്കു നൽകുന്നത്. മരണത്തോടെ എല്ലാം അവസാനിച്ചെ ന്നു കരുതുന്നോ? ഭയപ്പെടേണ്ട. മരണത്തിനുമേൽ വിജയം വരിച്ചവൻ, യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.
നമ്മുടെ ജീവിതത്തിന്റെ സാധാരണകളെ പുതിയ കണ്ണുകൾകൊണ്ട് കാണാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നു. മരണത്തോടെ തീരുന്ന ജീവിതത്തിലെ സുഖദുഃഖങ്ങളും നേട്ട കോട്ടങ്ങളും നിരാശയും നെടുവീർപ്പുകളുമാണ് നമ്മുടെ ജീവിതത്തെ ഇന്നു നിയന്ത്രിക്കുന്നതെങ്കിൽ, നാം വഹിക്കുന്ന ഭാരം മടുപ്പുളവാക്കുന്നതാണ്. എന്നാൽ, മരണത്തെയും അതിജീവിക്കുന്ന ജീവിതലക്ഷ്യങ്ങളിലേക്ക് ഉത്ഥിതൻ നമ്മെ ക്ഷണിക്കുന്നു.
യുദ്ധങ്ങളുടെയും ക്രൂരതകളുടെയും തിന്മകളുടെയും അരക്ഷിതത്വത്തിന്റെയും മധ്യേ ജീവിക്കുന്പോഴും, ആത്യന്തികമായി ദൈവമാണ് എല്ലാം നിയന്ത്രി ക്കുന്നത്. പാപത്തിന്റെയും മരണത്തിന്റെയുംമേൽ വിജയം വരിച്ചവൻ നമ്മുടെ ജീവിതത്തിലുള്ളപ്പോൾ വിജയം സുനിശ്ചിതമാണ്. ആത്മബലം നൽകുന്ന അപ്രതിരോധ്യമായ ഈ പ്രത്യാശയുടെ തിരുനാളാണ് ഈസ്റ്റർ.
ഉയിർപ്പുതിരുനാൾ -സമാധാനത്തിന്റെ ശാന്തിമന്ത്രം
അനീതിയുടെയും അക്രമത്തി ന്റെയും നടുവിൽ സമാധാനത്തിനായി ദാഹിക്കുന്ന ലോകജനതയ്ക്കുള്ള ശാന്തിമന്ത്രമാണ് ഈസ്റ്റർ. ശിഷ്യരിലൊരാൾ ഒറ്റിക്കൊടുത്തിട്ടും അനീതിപരമായി മരണത്തിനു വിധിക്കപ്പെട്ടിട്ടും അതിക്രൂരമായി മർദിക്കപ്പെട്ടിട്ടും അപമാനകരമായി കുരിശിൽ കൊല്ലപ്പെട്ടിട്ടും കല്ലറയ്ക്കു മുദ്രവയ്ക്കപ്പെട്ടിട്ടും പട്ടാളക്കാർ കാവലിരുന്നിട്ടും എന്നും നിലനിൽക്കുന്ന ദൈവത്തിന്റെ സ്നേഹം ഈശോയുടെ ഉത്ഥാനത്തിലൂടെ മനുഷ്യചരിത്രത്തിലേക്കു പൊട്ടിവിടരുകയാണ്.
എത്ര കടുത്ത അനീതിക്കിടയിലും സത്യവും നീതിയും സ്നേഹവും അവസാനം വിജയിക്കുകതന്നെ ചെയ്യും. അതാണ് ഉയിർപ്പിന്റെ പ്രത്യാശ. മരണത്തിനപ്പുറം കടക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം. മരണത്തിന്റെ താഴ്വരയ്ക്കപ്പുറം ഉയർന്നുപൊങ്ങുന്ന പ്രത്യാശയുടെ വെള്ളിനക്ഷത്രമാണ് ഈസ്റ്റർ..!
സത്യവും നീതിയും സ്നേഹവും നിലനിൽക്കുന്പോഴാണ് സമാധാനം സംജാതമാകുക. അസാധ്യമെന്നു തോന്നിക്കാവുന്ന പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് ഉയിർപ്പിന്റെ പ്രത്യാശ. ഈശോയുടെ ഉത്ഥാനം പ്രത്യാശയുടെയും സമാധാനത്തിന്റെയും അച്ചാരമായി എന്നും മനുഷ്യചരിത്രത്തിൽ നിലനിൽക്കുന്നു.
ദൂതൻ സ്ത്രീകളോടു പറഞ്ഞു: ""നിങ്ങൾ ഭയപ്പടേണ്ട; ക്രൂശിക്കപ്പെട്ട ഈശോയെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; അരുൾച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു''( മത്തായി 28: 5-6). ഉത്ഥാനംചെയ്ത ഈശോ ശിഷ്യരോടു പറഞ്ഞു: ""ഭയപ്പെടേണ്ട, ഇതു ഞാനാണ്. നിങ്ങൾക്കു സമാധാനം..!'' ( ലൂക്ക 24:36). ഏവർക്കും ഉയിർപ്പുതിരുനാൾ മംഗളങ്ങൾ...
Tags : nattu vishesham Happy Easter