വിലങ്ങാട്: വാണിമേൽ പഞ്ചായത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിലങ്ങാട് ജനവാസ മേഖലയിൽ നിക്ഷേപിക്കുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. പഞ്ചായത്തിലെ ഒമ്പതാം വാർഡ് ചെത്തുള്ളപ്പൊയിലിൽ വീട് വാടകയ്ക്ക് എടുത്താണ് മാലിന്യങ്ങൾ സംഭരിച്ച് തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിരവധി വീടുകൾ ഉണ്ട്. മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കലാണ് നിലവിൽ നടക്കുന്നത്.
പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വാഹനത്തിലാണ് മാലിന്യങ്ങൾ എത്തിക്കുന്നത്.
പ്രദേശവാസികളുടെ അറിവോ, സമ്മതമോ ഇല്ലാതെയാണ് മാലിന്യങ്ങൾ എത്തിക്കാൻ തുടങ്ങിയത്. സംഭവത്തിൽ നാട്ടുകാർ കടുത്ത ആരോഗ്യ ഭീതിയിലും പ്രതിഷേധത്തിലുമാണ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള ആരോഗ്യ പ്രതിസന്ധി ഉടലെടുക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം നിക്ഷേപം നിർത്തിവയ്ക്കണമെന്നും ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറ്റണമെന്നും വിലങ്ങാട് ചേർന്ന യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് പഞ്ചായത്തിന്റെ ഈ നടപടികളെന്നും യോഗം കുറ്റപ്പെടുത്തി. തീരുമാനം ഉണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രേക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ പി.എ. ആന്റണി അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർമാരായ ഷെബി സെബാസ്റ്റ്യൻ, ലൗലി ബിജു, യുഡിഎഫ് നേതാക്കളായ പി. ബാലകൃഷ്ണൻ, ജോസ് ഇരുപ്പക്കാട്ട്, പി.എസ്. ശശി , ജോർജ് ജോസഫ് മണ്ണാറുകുന്നേൽ, ബിപിൻ തോമസ്, സാബു ജോസഫ്, സോജൻ പൊന്മലകുന്നേൽ, ജോൺസൺ ഓലിക്കൽ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Haritha Karmasena collects plastic