തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് -മാരാമണ്‍ ഭാഗം.
കോഴഞ്ചേരി: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ പുല്ലാടിനും മാരാമണ്ണിനും മധ്യേ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വളവില്ലാതെ റോഡ് നേരേയായതിനാല് അമിത വേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അപകടങ്ങളുടെ പ്രധാന കാരണവും ഇതാണ്. പുല്ലാട് മുതല്‍ മാരാമണ്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്.
റോഡിന്റെ ഇരുവശങ്ങളിലെയും ഇടറോഡുകളില്‍നിന്ന് വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പൊടുന്നനെ പ്രവേശിക്കുന്നതും അപകടത്തിന് കാരണമാകുന്നു. ഇതുകൂടാതെ റോഡിന്റെ ഇരുവശങ്ങളിലും യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെ നടക്കുന്ന കച്ചവടങ്ങളും അപകടകങ്ങള്‍ക്ക് കാരണമാകുന്നു. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ റോഡിന്റെ ഓരങ്ങളില്‍ നിര്‍ത്തുന്നതും ഗതാഗത തടസമുണ്ടാക്കുന്നുണ്ട്.
റോഡില്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള യാതൊരു മുന്‍കരുതലുകളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുള്ള പരാതി വ്യാപകമാണ്. വേഗ നിയന്ത്രണ സംവിധാനങ്ങളോ കാമറകളോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഫണ്ടില്ലായെന്നാണ് ഇതിനു കാരണമായി പറയുന്നത്.
എന്നാൽ ജില്ലാ കളക്ടര്‍ ചെയര്‍മാനായ റോഡ് സേഫ്റ്റി കൗണ്‍സിലാണ് ഇത്തരം നടപടികള്‍ നടപ്പിലാക്കേണ്ടതെന്നും ഇതിനുവേണ്ടി ആവശ്യമായ ഫണ്ട് കൗണ്‍സിലിന് പ്രത്യേകമായി നല്‍കുന്നുണ്ടെന്നും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകളും വഴിവിളക്കുകളുടെ അഭാവവും രാത്രികാലങ്ങളില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ ക്രമാതീതമായ വർധനയുമുണ്ടാകും.
വേഗനിയന്ത്രണ സംവിധാനങ്ങളും കാമറയും സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അധികൃതര്‍ നടപ്പിലാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews TK Road