പ്രതീകാത്മക ചിത്രം
ആറളം: വള്ളിത്തോട്-ആനപ്പന്തി മലയോര ഹൈവേയിലെ എടൂർ -ആറളം റീച്ചിലെ പ്രവൃത്തിയിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് ഉദ്യോഗസ്ഥ-കരാർ ബന്ധം അന്വേഷിച്ച് കർശന നടപടികൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടും പ്രവൃത്തികൾ പൂർത്തിയാക്കാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന കരാറുകാരെ കരിംപട്ടികയിൽപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
റോഡിന്റെ എടൂർ-ആറളം റീച്ചിൽ വെള്ളരിവയൽ-എടൂർ ടൗൺ ഭാഗത്തെ ഓടകളുടെ നിർമാണം പൂർത്തിയാക്കാത്തത് കാരണം നേരിയ മഴ പെയ്താൽ പോലും സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയാണ്. റോഡരികിലെ അപകടഭീഷണിയുയർത്തുന്ന വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാറിലെ പല വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടുവെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
അഴിമതിയും ക്രമക്കേടും മൂടിവച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതർ ശ്രമിക്കുന്നത്. ഓടകളുടെ നിർമാണവും കോൺക്രീറ്റിംഗും പൂർത്തിയാക്കി ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ആറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അമൽ മാത്യു സെക്രട്ടറിമാരായ ക്രിസ്റ്റി ജോസഫ്, എം.വി. ഗീതു, ജിബിൻ സണ്ണി, ഏലിയാസ്, അബിൻ അലക്സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Tags : Local News Nattuvishesham High Range Highway Demands Action Against Corruption