വാഴക്കുളം: ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ പരേതനായ ജെസ്റ്റിന്റെ ഭാര്യ റെജിമോൾ(52) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തു തന്നെയുള്ള സ്ഥാപനത്തിൽ മാവു കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ അന്വേഷിച്ചു വന്ന മകൻ യന്ത്രത്തിൽ കൈ കുടുങ്ങി അബോധാവസ്ഥയിൽ റെജിമോളെ കണ്ടെത്തുകയായിരുന്നു. തൊട്ടു ചേർന്നുള്ള ഇതര സ്ഥാപനത്തിൽ നിന്ന് ആളെ കൂട്ടി ഉടൻ തന്നെ വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈയിലും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ പിന്നീട് തൊടുപുഴ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ് പരേത. ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു.മക്കൾ: ജാസ്മിൻ (വിദ്യാർഥിനി, ജ്യോതി ദർശന പുല്ലുവഴി),ജെസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് വാഴക്കുളം).വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെന്ററിനു സമീപം സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട നടത്തുകയായിരുന്നു റെജിമോൾ.
Tags : Nattuvishesham Districtnews Housewife