ചുണ്ടക്കുന്ന്: മലയോരത്തെ പ്രധാന റോഡുകളിൽ ഒന്നായ കൂട്ടുംമുഖം-ചുണ്ടക്കുന്ന്-ചെന്പേരി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. ബജറ്റിൽ ഇരിക്കൂർ മണ്ഡലത്തിലെ ടോക്കൺ പദ്ധതികളിൽ റോഡ് നവീകരണം ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മലബാർ കുടിയേറ്റ കാലത്ത് ചെമ്പേരി മേഖലയിൽ എത്തിപ്പെടാനായി കർഷകർ ശ്രമദാനമായി നിർമിച്ച റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. കൂട്ടുംമുഖം ടൗണിൽ നിന്നാരംഭിച്ച് ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്ന് വഴി ചെമ്പേരിയിൽ ചേരുന്ന ആദ്യ പൊതുമരാമത്ത് റോഡ് കൂടിയാണിത്.
വർഷങ്ങളായി കുഴികൾ നിറഞ്ഞ് യാത്ര ദുസഹമായതോടെ ഇതിലൂടെ സർവീസ് നടത്തിയ ബസുകൾ ഓരോന്നായി പിൻവാങ്ങുകയായിരുന്നു. നേരത്തെ പത്തു ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് നിലവിൽ രണ്ടു ട്രിപ്പുകൾ മാത്രമാണ് ബസുകൾ ഓടുന്നത്.
യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ റോഡ് നവീകരണം ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഉണ്ടായില്ലെന്നത് നിരാശജനകമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആവശ്യത്തിന് ബസ് സർവീസുകളില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ഓട്ടോറിക്ഷകളെയും മറ്റുമാണ് യാത്രയക്കായി ആശ്രയിക്കുന്നത്. ഇത് രക്ഷിതാക്കൾക്ക് വലിയ സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.
റോഡിലെ ചുണ്ടക്കുന്നിലെ കയറ്റം കുറച്ച് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല.
പ്രഖ്യാപനങ്ങളല്ലാതെ ഒന്നുമില്ല
മലബാർ കുടിയേറ്റ ചരിത്രവുമായി ബന്ധമുള്ള റോഡായിട്ടും നവീകരണ കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല. ചുണ്ടക്കുന്നിലെ കയറ്റം കുറയ്ക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും അതും നടപ്പായില്ല. 1985ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കെ.സി. ജോസഫ് എംഎൽഎയുടെ ശ്രമഫലമായാണ് കയറ്റം കുറക്കൽ പദ്ധതി ആവിഷ്കരിച്ചത്. ഇതു പ്രകാരം ശിലാസ്ഥാപനം നടത്തിയെങ്കിലും അതും നോക്കുകുത്തിയായി. കയറ്റം കുറച്ചില്ലെങ്കിലും സുഗമമായ സഞ്ചാരത്തിനായി റോഡിന്റെ അറ്റകുറ്റപ്പണിയെങ്കിലും ബന്ധപ്പെട്ടവർ നടത്തണം.
-ടി.കെ. പ്രഭാകരൻ
(നഗരസഭാ കൗൺസിലർ)
Tags : Local News Nattuvishesham Road