x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​കാ​ന്തി പ്ര​ഭ​യി​ൽ വെ​ളി​യ​ത്തെ ത​പോ​വ​ൻ


Published: April 24, 2026 06:46 AM IST | Updated: April 24, 2026 06:46 AM IST

വെ​ളി​യം ത​പോ​വ​ൻ ഹാ​പ്പി​ന​സ് വാ​ലി​യി​ലെ സൂ​ര്യ​കാ​ന്തി​പ്പാ​ടം പൂ​വി​ട്ടപ്പോൾ.

കൊ​ല്ലം: ക​ടു​ത്ത ചൂ​ടി​ലും സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.​ആ​രു​ടെ ക​ണ്ണി​നും കു​ളി​രേ​കു​ന്ന സൗ​ന്ദ​ര്യമായി സൂ​ര‍്യ​കാ​ന്തി​തോ​ട്ടം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. വെ​ളി​യം ത​പോ​വ​ൻ ഹാ​പ്പി​ന​സ് വാ​ലി​യി​ൽ ത​പോ​വ​ന്‍റെ ഭാ​ഗ​മാ​യ വി​ശാ​ല​മാ​യ ക​രി​മ്പി​ൻ തോ​ട്ട​ത്തി​ൽ വി​ള​വെ​ടു​പ്പി​നു ശേ​ഷ​മാ​ണ് സൂ​ര്യ​കാ​ന്തി വി​ത്തു​ക​ൾ പാ​കി​യ​ത്. എ​ല്ലാം മു​ള​ച്ചു. ‌
വേ​ണ്ട ക​രു​ത​ലോ​ടെ വ​ള​വും വെ​ള്ള​വും ന​ൽ​കി പ​രി​പാ​ലി​ച്ചു​വെ​ങ്കി​ലും പൊ​ള്ളു​ന്ന ചൂ​ടി​ൽ ചി​ല ചെ​ടി​ക​ൾ ത​ല​യു​യ​ർ​ത്താ​ൻ മ​ടി​ച്ചു.

ഏ​ലാ​യു​ടെ മ​ധ്യ​ത്താ​യി വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച​തി​നാ​ൽ ജ​ല​ക്ഷാ​മ​മി​ല്ല. ഇ​തി​നു ചു​റ്റും ഇ​പ്പോ​ൾ സൂ​ര്യ​കാ​ന്തി​ച്ചെ​ടി​ക​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. നി​റ​യെ മൊ​ട്ടു​ക​ൾ വ​ന്നി​ട്ടു​ണ്ട്. ച​ന്ത​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ലാ​തെ ഓ​രോ​ന്നാ​യി വി​ട​രാ​ൻ തു​ട​ങ്ങി. ഈ ​ആ​ഴ്ച​യി​ൽ​ത്ത​ന്നെ കൂ​ടു​ത​ൽ മൊ​ട്ടു​ക​ൾ വി​രി​യും. അ​തോ​ടെ ത​പോ​വ​നി​ൽ സൂ​ര്യ​കാ​ന്തി പാ​ട​ത്തി​ന്‍റെ വേ​റി​ട്ട ച​ന്ത​വു​മാ​കും.

ത​മി​ഴ് നാ​ട്ടി​ലെ സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തേ​ക്കാ​ണ് സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ കാ​ണാ​ൻ മ​ല​യാ​ളി​ക​ൾ സാ​ധാ​ര​ണ പോ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ക്കു​റി വെ​ളി​യ​ത്തു​ത​ന്നെ സൂ​ര്യ​കാ​ന്തി പാ​ടം കാ​ഴ്ച​ക​ളൊ​രു​ക്കു​ന്നു. സെ​ൽ​ഫി​യെ​ടു​ക്കാ​നും മ​റ്റും അ​വ​സ​ര​മൊ​രു​ക്കു​ന്നു​മു​ണ്ട്. അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് അ​തൊ​രു ര​സാ​നു​ഭ​വ​മാ​കും.

സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളോ​ട് കി​ന്ന​രി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ത​പോ​വ​നി​ൽ വേ​റി​ട്ട മ​റ്റു കാ​ഴ്ച​ക​ളു​മു​ണ്ട്. ആ​റേ​ക്ക​ർ ഭൂ​മി​യി​ൽ വി​വി​ധ ഇ​നം പ്ളാ​വു​ക​ൾ നി​റ​യെ ച​ക്ക​യു​മാ​യി ത​ണ​ൽ വി​രി​ക്കു​ന്നു​ണ്ട്. സ്വി​മ്മിം​ഗ് പൂ​ളും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കു​മു​ണ്ട്. കു​തി​ര​യും വി​വി​ധ ഇ​നം പ​ക്ഷി​ക​ളു​മ​ട​ക്കം കാ​ഴ്ച​ക​ളു​ടെ വേ​റി​ട്ട അ​നു​ഭ​വ​മൊ​രു​ക്കു​ക​യാ​ണ് വെ​ളി​യ​ത്തെ ഈ ​സു​ന്ദ​ര തീ​രം.

Tags : Local News Nattuvishesham Kollam

Recent News

Corehub Up