തിരുവമ്പാടി: കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വണ്ടി നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൂട്ടിപ്പാല ഓട്ടുകുളംവയൽ എം.കെ. റഹീൽ (31), കാരശേരി കറുത്തപറമ്പ് മേലേപുറായി ലക്ഷംവീട്ടിൽ അഖിൽ (36) എന്നിവരാണ് പിടിയിലായത്. റഹീലായിരുന്നു വണ്ടിയോടിച്ചത്.
കഴിഞ്ഞ ഏപ്രിൽ 21ന് തിരുവമ്പാടി ചർച്ച് റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുല്ലൂരാംപാറ സ്വദേശിനി സോയ (45)യെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സോയയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു.
പ്രതികളെ തിരിച്ചറിയുന്നതിനായി കൂടരഞ്ഞി മുതൽ അടിവാരം വരെയുള്ള അൻപതോളം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം വിവിധ സ്റ്റേഷനുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്ഐ ജെയ്സൺ ദേവസ്യ, സീനിയർ സിപിഒമാരായ മഹേഷ്, സി. ഉമേഷ്, സുമേഷ്, സുബീഷ്, സുജിത്ത്, അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags : Nattuvishesham Districtnews Incident