ചെറുതോണി: അതുരശുശ്രൂഷാ രംഗത്ത് ഏറെ പരാധീനതകളുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ചതാണ് ഇടുക്കി മെഡിക്കൽ കോളജ്. 20 വർഷത്തോളമായിട്ടും മെഡിക്കൽ കോളജും ആശുപത്രിയും ജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിയുക്ത എംഎൽഎ ആത്മാർഥത കാണിക്കണമെന്നാണ് ജനങ്ങളുടെ ഒരു പ്രധാന ആവശ്യം.
ജില്ലയുടെ ഭരണ സിരാകേന്ദ്രവും ഇടുക്കി അണക്കെട്ടും സ്ഥിതി ചെയ്യുന്നതുമായ വാഴത്തോപ്പ് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യമില്ലാതെ ജനങ്ങൾ വീർപ്പുമുട്ടുകയാണ്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള വരും വിനോദസഞ്ചാരികളുമടക്കം നൂറുകണക്കിനാളുകളാണ് ദിവസവും ജില്ലാ ആസ്ഥാനത്തെത്തുന്നത്. ഇവിടെയെത്തുന്നവർക്ക് നല്ലൊരു ബസ് കാത്തിരുപ്പുകേന്ദ്രം പോലും ഇല്ല. പൈനാവ്, ചെറുതോണി, വാഴത്തോപ്പ് കവല, തടിയമ്പാട്, മണിയാറൻകുടി, പളളിത്താഴം ഇവിടൊന്നും ബസ് സ്റ്റാൻഡില്ല. ഉള്ളതാകട്ടെ കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്നതുമാണ്.
കരിമ്പൻ ടൗണിൽ മാത്രമാണ് ബസ് സ്റ്റാൻഡുള്ളത്. പഞ്ചായത്തിലെ ചെറു ടൗണുകളിലും സുരക്ഷിതമായ കാത്തിരുപ്പ് കേന്ദ്രങ്ങൾ അത്യാവശ്യമാണ്. സ്ത്രീകൾക്ക് ഇവിടങ്ങളിൽ സുരക്ഷിതമായി നിൽക്കാനുള്ള സൗകര്യങ്ങൾ വേണം. പല സ്ഥലങ്ങളിലും നാട്ടുകാർ നിർമിച്ച ഷെഡുകളാണുള്ളത്. ഇവിടെയെല്ലാം പ്രധാനമായും വേണ്ടത് ശൗചാലയമാണ്. കളക്ട്രേറ്റ് ജംഗ്ഷൻ, പ്രധാന ടൗണുകളായ പൈനാവ്, ചെറുതോണി, തടിയമ്പാട്, കരിമ്പൻ എന്നിവിടങ്ങളിലൊന്നും പൊതു ശൗചാലയമില്ല. ചെറുതോണിയിൽ നിർമിച്ചിട്ടുള്ള ശൗചാലയമാകട്ടെ ഇനിയും തുറന്നുകൊടുത്തിട്ടില്ല. കേരളത്തിൽനിന്നുമാത്രമല്ല പുറത്തുനിന്നും നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്.
വൃത്തിയുള്ള മികച്ച ശൗചാലയമാണ് വേണ്ടത്. മറ്റൊന്ന് ശുദ്ധജലം കിട്ടാനില്ലായെന്നതാണ്. പൊതുജനങ്ങൾ കൂടുതലായെത്തുന്ന ജംഗ്ഷനുകളിലും ടൗണകളിലും കുടിവെള്ളം ലഭിക്കാനുള്ള ഒരു സംവിധാനവുമില്ല. വഴിയോര പൈപ്പുകൾ എല്ലാ ടൗണുകളിലും സ്ഥാപിക്കണമെന്നതാണ് മറ്റൊരാവശ്യം.
വാഴത്തോപ്പ് പഞ്ചായത്തിലെ കൃഷിക്കാർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ വിൽക്കാനുള്ള പൊതു മാർക്കറ്റില്ല. പൊതുമാർക്കറ്റിനു വേണ്ടി തടിയമ്പാട് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലം കാടുകയറിക്കിടക്കുകയാണ്.
വഴിവിളക്കുകൾ ഉണ്ടെങ്കിലും 70 ശതമാനവും കത്തുന്നില്ല. പഞ്ചായത്തിലെ ജില്ലാ ആസ്ഥാനമുൾപ്പെടെയുള്ള പ്രധാന പാതകളിലും ജംഗ്ഷനുകിലും വഴിവിളക്കുകൾ പൂർണമായി സ്ഥാപിക്കണം. മെഡിക്കൽ കോളജ് പരിസരവും ജീവനക്കാരുടെ താമസസ്ഥലത്തേക്കുള്ള വഴികളും മിക്കവാറും ഇരുട്ടിലാണ്.
പഞ്ചായത്തിൽ തൊഴിൽരഹിതരായ നൂറുകണക്കിനു യുവതീയുവാക്കളാണുള്ളത്. ഇവർക്കു ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കണം. ചെറുതോണിയിൽത്തന്നെ സ്ഥിതി ചെയ്യുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സേവനം പ്രയോജനപ്പെടുത്തണം. വ്യവസായ യൂണിറ്റിനുള്ള സ്ഥലം ജില്ലാ പഞ്ചായത്തുനൽകിയാൽ നിരവധി വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവും.
വനിതകൾക്കായി വ്യവസായ പരിശീലന കേന്ദ്രം തുടങ്ങണം. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രധാന ടൗണുകളിൽ വനിതകൾ ഓടിക്കുന്ന ഷീ ഓട്ടോകൾ ഏർപ്പെടുത്തണം. ഇതിനായി പ്രത്യേക സ്റ്റാൻഡും അനുവദിക്കണം. ഇവർക്കു പരിശീലനവും സ്വയം തൊഴിൽ വായ്പയും നൽകിയാൽ പദ്ധതി നടപ്പാക്കാനാവും. പൊതുജനങ്ങൾക്കായി നിരവധി ആനുകൂല്യങ്ങൾ സർക്കാർ അനുവദിക്കാറുണ്ട്. ഇതിൽ ഭൂരിഭാഗവും ഇടനിലക്കാരും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരും കൈക്കലാക്കുകയാണ്. അർഹരായവർ ഇതു പലപ്പോഴും അറിയാറില്ല. ഇതിനായി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ഹെൽപ്പ് ലൈൻ സെന്റർ ആരംഭിക്കണം.
നിയമസഭാംഗംകൂടാതെ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഭരി്കുന്നത് യുഡിഎഫാണ്. ഇതിനാൽത്തന്നെ നാട്ടുകാർ വലിയ പ്രതീക്ഷയിലാണ്, നിരാശപ്പെടുത്തരുത്.