വടക്കഞ്ചേരി: തരൂരിൽ ഇക്കുറിയും ഇടതിനെ കൂടുതൽ പിന്തുണ നൽകി രക്ഷപ്പെടുത്തിയതു കണ്ണമ്പ്ര പഞ്ചായത്തു തന്നെ. കണ്ണമ്പ്ര പഞ്ചായത്തിൽ നിന്നും 3983 വോട്ടിന്റെ ലീഡ് എൽഡിഎഫിനു ലഭിച്ചു.
2021ൽ ഇത് 5501 വോട്ടായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 18 വാർഡും പിടിച്ചെടുത്ത് സമ്പൂർണ വിജയമായിരുന്നു എൽഡിഎഫ് നേടിയത്.
പ്രതിപക്ഷമില്ലാതെയാണ് കണ്ണമ്പ്രയിൽ പഞ്ചായത്തിലെ ഇടതുഭരണം നടക്കുന്നത്. അത്രയും ശക്തമായ ഉരുക്കുകോട്ടയിൽ പോലും ലീഡ് കുറഞ്ഞത് സിപിഎം നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
കണ്ണമ്പ്രയിലെ എൻഡിഎയുടെ വോട്ടുവർധനവും ശ്രദ്ധേയമാണ്. 2586 വോട്ട് എൻഡിഎക്ക് ലഭിച്ചു.
എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതും മണ്ഡലത്തിന്റെ സിരാകേന്ദ്രവുമായ വടക്കഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫിന്റെ ലീഡ് 23 ആയി കൂപ്പുകുത്തിയതാണ് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സിപിഎമ്മിനു വലിയ ആഘാതമായത്.
മൂന്നുപതിറ്റാണ്ടിനുശേഷം വടക്കഞ്ചേരിയിൽ പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചെടുത്തതിന്റെ പ്രതിഫലനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽതന്നെ പ്രകടമായെന്ന വിലയിരുത്തലുകളുമുണ്ട്.
വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. സുബ്രഹ്്മണ്യന് 9063 വോട്ടും പി.പി. സുമോദിന് 9086 വോട്ടുമാണ് ലഭിച്ചത്.
പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുടങ്ങി മൂന്നംഗങ്ങളുള്ള ബിജെപി 3144 വോട്ടു നേടി. കുത്തന്നൂരിലും എൽഡിഎഫിന്റെ ലീഡ് നന്നേ കുറഞ്ഞു. 82 വോട്ടുമാത്രമായി.
2021ൽ കുത്തന്നൂരിൽനിന്നും എൽഡിഎഫിന് 787 വോട്ടിന്റെ ലീഡുണ്ടായിരുന്നു. മറ്റു പഞ്ചായത്തുകളിലെ എൽഡിഎഫിന്റെ ലീഡ് നില ഇങ്ങനെ- കാവശേരി 2256, കോട്ടായി 1740, പെരിങ്ങോട്ടുകുറിശി 1651, പുതുക്കോട് 692, തരൂർ1436. പോസ്റ്റൽ വോട്ടിലെ ലീഡ് 47. 2021ൽ പഞ്ചായത്തുകളിലെ എൽഡിഎഫ് ലീഡ് നില - കണ്ണമ്പ്ര ( 5501), പെരിങ്ങോട്ടുകുറിശി (1144),കോട്ടായി (2605), കുത്തന്നൂർ(787), തരൂർ (3347), കാവശേരി (3177) ,പുതുക്കോട് (3446), വടക്കഞ്ചേരി (4282) എന്നിങ്ങനെയായിരുന്നു. 24,531 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ സുമോദിന്റെ ഭൂരിപക്ഷം. ഇപ്പോഴതു 11,910 വോട്ടായി കുറഞ്ഞു.