കെ.പി. അനിരുദ്ധ് നടുവിൽ ചെറുകാട് വായനശാലയിൽ ആപ്പ് ലോഞ്ച് ചെയ്യുന്നു.
നടുവിൽ: വായനശാലകൾ ഇനി ജനങ്ങളിലേക്ക്. പുസ്തകങ്ങൾ ഇനി വീട്ടിലേക്ക് ഓർഡർ ചെയ്യാം. വായനശാലകളെ ഹൈടെക് ആക്കി പുസ്തകങ്ങൾ വായനക്കാരുടെ വിരൽതുമ്പിലെത്തിക്കുന്ന ‘ബുക്കറി' എന്ന പുത്തൻ ഡിജിറ്റൽ സംവിധാനമാണ് ഇപ്പോൾ കൗതുകമാകുന്നത്. നടുവിൽ സ്വദേശിയും സിനിമാപ്രവർത്തകനുമായ കെ.പി. അനിരുദ്ധ് വികസിപ്പിച്ചെടുത്ത ഈ ആപ്പിലൂടെ നടുവിൽ ചെറുകാട് വായനശാലയാണ് ആദ്യമായി ഡിജിറ്റൽ ലോകത്തേക്ക് ചുവടുവച്ചിരിക്കുന്നത്.
വായനക്കാരെയും പ്രാദേശിക വായനശാലകളെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ലൈബ്രറി ആൻഡ് റീഡിംഗ് കന്പാനിയൻ ആപ്പാണ് ബുക്കറി. പേരിലെ കൗതുകം പോലെതന്നെ സംഗതിയും അടിപൊളിയാണ്. ബേക്കറിയിൽ പോയി ഇഷ്ടമുള്ള പലഹാരം തെരഞ്ഞെടുക്കുന്നതുപോലെ, തൊട്ടടുത്തുള്ള ലൈബ്രറിയിലെ അലമാരകളിൽ ഏതൊക്കെ പുസ്തകങ്ങൾ ‘ഫ്രഷ്' ആയി ഇരിപ്പുണ്ടെന്ന് ഇനി വീട്ടിലിരുന്ന് ഫോണിലൂടെ അറിയാം. എന്നിട്ട് ഓൺലൈനായി ബുക്ക് ചെയ്താൽ മതി. പുസ്തകങ്ങൾ വീട്ടിലെത്തും.
വായിച്ചുതീർത്ത പുസ്തകങ്ങളുടെ വിവരങ്ങളും അഭിപ്രായങ്ങളും കുറിച്ചുവയ്ക്കാൻ ആപ്പിൽ ഒരു വായനാ ഡയറിയുമുണ്ട്. വായനയുടെ പുരോഗതി വിലയിരുത്താനും മറ്റുള്ളവർക്ക് പുതിയ പുസ്തകങ്ങൾ നിർദേശിക്കാനും ഇതിലൂടെ സാധിക്കും.
അനിരുദ്ധിന്റെ പുസ്തകപ്രേമമാണ് ആശയത്തിന് പിന്നിൽ. ലൈബ്രറികളിൽ മികച്ച പുസ്തകങ്ങളുണ്ടായിട്ടും വായന കുറയുന്നതും ട്രെൻഡിംഗ് പുസ്തകങ്ങളിലേക്ക് മാത്രം ആളുകൾ ചുരുങ്ങുന്നതും കണ്ടപ്പോഴാണ് വായനശാലകളെ ജനങ്ങളിലേക്കെത്തിക്കാൻ അനിരുദ്ധ് തീരുമാനിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ വെല്ലുവിളികളെ മറികടന്നാണ് അനിരുദ്ധ് ആപ്പ് നിർമിച്ചത്. മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ളവരുടെ പിന്തുണയും സംരംഭത്തിന് കരുത്തായി.
Tags : Books from Bookery Nattuvishesham DistrictNews