കിളിയന്തറ വളവുപാറയിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടത്തിൽ നടയ്ക്കൽ ജോജിയും പായം പഞ്ചായത്തംഗം ഡെന്നിസ് മാണിയും.
ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയന്തറ വളവുപാറയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വളവുപാറയിലെ നടയ്ക്കൽ ജോജിയുടെ കൃഷിയിടത്തിലെ വിളവെടുപ്പിന് പാകമായ 20ലേറെ നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
കർണാടകയിലെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്ന് ഇറങ്ങിയ ആന പുഴ കടന്നാണ് പായം പഞ്ചായത്തിലെ കൃഷിയിടത്തിലെത്തിയത്. തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയോട് ചേർന്നുള്ള 250ലേറെ വാഴകളുള്ള തോട്ടത്തിലാണ് ആന കയറിയത്. വാഹനങ്ങളുടെ ശബ്ദം കേട്ടതിനെത്തുടർന്ന് ആന വേഗത്തിൽ മടങ്ങിയതിനാലാകാം കൂടുതൽ നാശം ഒഴിവായതെന്നാണ് കരുതുന്നത്. കിളിയന്തറ മേഖലയിൽ ആദ്യമായാണ് കാട്ടാനയെത്തുന്നത്. ആന തിരിച്ചുപോയെങ്കിലും വീണ്ടുമെത്തുമെന്ന ആശങ്കയിലാണ് കർഷകർ.
രണ്ടാഴ്ചയിലേറെയായി ബാരാപോൾ പുഴയുടെ മറുകരയിലുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലകളിൽ കാട്ടാന കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. പുത്തൻപുരയ്ക്കൽ സണ്ണി, തങ്കച്ചൻ, മണ്ഡപത്തിൽ ബൈജു, തിരുനല്ലൂർ പോൾ, തളികശേരി ബൈജു, ഓലിക്കരോട്ട് തങ്കച്ചൻ, മാളികയ്ക്കൽ തങ്കച്ചൻ എന്നിവരുടെ കൃഷിയിടങ്ങളിലും ആന നാശം വിതച്ചിരുന്നു. ഇതേ ആനയാണ് പുഴ കടന്ന് പായം പഞ്ചായത്തിലെത്തിയതെന്നാണ് നിഗമനം.അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് പാലത്തിന് സമീപം സോളാർ തൂക്കുവേലി ഇല്ലാത്ത ഭാഗത്തുകൂടിയാണ് ആന ജനവാസമേഖലയിലെത്തുന്നത്. ഈ ഭാഗത്ത് അടിയന്തരമായി സോളാർ തൂക്കുവേലി സ്ഥാപിച്ച് ആനയുടെ കടന്നുകയറ്റം തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Wild elephant enters Valavupara Nattuvishesham DistrictNews