ഗതാഗതം ദുഷ്കരമായ കാരയിൽ-ആയുർവേദ ആശുപത്രി റോഡ്.
വൈക്കം: നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ കാരയിൽ-ആയുർവേദ ആശുപത്രി റോഡും വൈനവേലിപോളശേരി റോഡും തകർന്ന് യാത്ര ദുഷ്കരമായി. വൻ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മാസങ്ങളായി യാത്ര ദുരിതപൂർണമാക്കിയിട്ടും കുഴിയടയ്ക്കാൻ പോലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും വാഹന യാത്രികരും ആരോപിക്കുന്നു.
കാരയിൽ- ആയുവേർദ ആശുപത്രി റോഡുമായി ബന്ധപ്പെട്ട ഉദയനാപുരം പനമ്പുകാട് റോഡും പൂർണമായി തകർന്ന നിലയിലാണ്. ചെളിവെള്ളം നിറഞ്ഞ കുഴികളിലകപ്പെട്ട് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. സർക്കാർ ആയുർവേദ ആശുപത്രി, സ്കൂളുകൾ, ആരാധനാലയങ്ങൾ, കോവിലകത്തുംകടവ് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്.
തകർന്ന റോഡിലൂടെ കടന്നുപോകുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിക്കുന്നത് പതിവാണ്. തകർന്ന് കാൽനടപോലും ദുഷ്കരമായ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇതിനകം നിരവധി സമരപരിപാടികൾ നടത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരത്തിലെ മൂന്നു വാർഡുകളിലെയും ഉദയനാപുരം പഞ്ചായത്തിലെ കായലോര മേഖലയായ പനസുകാട്ടിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.