കേര പദ്ധതി ജില്ലയിലെ കർഷക കൂട്ടായ്മകൾക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് സി. പുഷ്പ മുഖ്യ പ്രഭാഷണം നടത്തുന
പത്തനംതിട്ട: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉത്പന്നങ്ങളെ ദേശീയ, അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്കു ജില്ലയിൽ തുടക്കമാകും. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച് ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവത്കരണ പരിപാടി പത്തനംതിട്ട ആത്മ പ്രോജക്ട് ഡയറക്ടർ എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങൾ വാങ്ങാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് സി. പുഷ്പ മുഖ്യപ്രഭാഷണം നടത്തി. കേര കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് മാനേജർ ഡോ.എം. നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് സുകുമാരൻ ആചാരി (കേരള കൺസോർഷ്യം എഫ്പിസി), മനോജ് എസ്. (പമ്പാവാലി എഫ്പിസി) എന്നിവർ പ്രസംഗിച്ചു.
കേര പ്രോജക്ട് കൺസൾട്ടന്റ് ജിഷ്ണു സുരേഷ് പോർട്ടൽ പരിചയപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്റ് ബയാനുസ്മാൻ നന്ദി പറഞ്ഞു.