ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183 നാലുവരി പാതയായി വികസിപ്പിക്കാനുള്ള നിർമാണ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലം കടവൂരിലെ ദേശീയപാത 66ൽനിന്നാണ് നാലുവരി പാതയായി റോഡ് വികസനം ആരംഭിക്കുന്നത്.
കേന്ദ്ര ഹൈവേ-റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ മറുപടിയിൽ കൊല്ലം മുതൽ തമിഴ്നാട് അതിർത്തിയായ കുമളി വരെ നീളുന്ന ദേശീയപാത 183ന്റെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണ്. ഇതിൽ കൊല്ലം-ചെങ്ങന്നൂർ റോഡിൽ കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് നേരത്തെതന്നെ അംഗീകാരം ലഭിച്ചിരുന്നു.ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ആരംഭിക്കും
നാലുവരിപ്പാത
എന്നാൽ, പുതുക്കിയ അലൈൻമെന്റ് പ്രകാരം വളവുകൾ മാറുമ്പോൾ 58 കിലോമീറ്റർ ആയി പാതയുടെ ദൈർഘ്യം കുറയും. ആദ്യ ഘട്ടത്തിൽ രണ്ടുവരി പാതയായി വികസനം ലക്ഷ്യമിട്ട കൊല്ലം-തേനി ദേശീയപാതയിലെ നിലവിലെ ഗതാഗത സമ്മർദവും ഭാവിയിലെ ആവശ്യകതകളും വിലയിരുത്തി കൊല്ലം കളക്ടറേറ്റിൽ കഴിഞ്ഞവർഷം നടന്ന കൺസൾട്ടേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്.
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ ഭാഗത്തിനായുള്ള പദ്ധതിയുടെ അന്തിമ രൂപരേഖയും റിപ്പോർട്ടും ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ജനസാന്ദ്ര പ്രദേശങ്ങളിലൂടെയും ഉയർന്ന ഭൂവിലയുള്ള മേഖലകളിലൂടെയും ദേശീയപാത കടന്നുപോകുന്നതിനാൽ, സ്ഥലം ഏറ്റെടുപ്പിന്റെ ഉയർന്ന ചെലവും പാർപ്പിട കെട്ടിടങ്ങൾക്കുണ്ടാകുന്ന ബാധ്യതയും കണക്കിലെടുത്ത് നിലവിലെ ഡിപിആർ വിശദമായി പരിശോധിച്ചുവരികയാണ്.
ഫയൽ കൈമാറി
അതേസമയം, ആഞ്ഞിലിമൂട് മുതൽ കുമളി വരെ കേരള-തമിഴ്നാട് അതിർത്തി വരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ ഡി പിആർ തയാറാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിനായി ഭൂമി ഏറ്റെടുപ്പിന്റെ 3 എ വിജ്ഞാപനം കഴിഞ്ഞ മാർച്ച് 19-ന് ഭൂമി രാശി പോർട്ടലിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചെലവ് കണക്കുകൾ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ടെന്നും സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഫയൽ കൈമാറിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
പദ്ധതി അംഗീകരിക്കപ്പെട്ടാൽ പുതുക്കിയ ഡിഎസ്ആർ പ്രകാരം 2200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും എംപി പറഞ്ഞു. സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാന സർകകാർ 25 ശതമാനം വിഹിതം നൽകുമോ എന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നഷ്ടപരിഹാരം
എന്നാൽ, സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി കൊല്ലം-തേനി ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് തുക മുടക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള മുഴുവൻ നിർമാണ ചെലവും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തന്നെ വഹിക്കുമെന്ന് ഉറപ്പായിരിക്കുന്നത്.
നിലവിൽ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം പാതയുടെ വികസനം എത്രയും വേഗം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Kollam-Theni National Highway nattuvishesham lcoal news