ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര സാഹചര്യമാണുള്ളതെന്ന് മന്ത്രി മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണത്തിൽ വലിയ അപാകതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആഘോഷമായി ഉദ്ഘാടനം നടത്തുകയായിരുന്നു. കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് കത്തയച്ച് വികസന സമിതിയംഗം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആരോഗ്യ മന്ത്രി അടിയന്തരമായി ആശുപത്രി സന്ദർശിക്കണമെന്നും ജില്ലാ വികസന സമിതിയംഗം ടി.വി. സോണി ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
10 വർഷക്കാലമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസനസമിതി യോഗം കൃത്യമായി ചേരാനോ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനോ സാധിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്താനുണ്ട്. പിജി വിദ്യാർഥികളുടെമേൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അടിച്ചേൽപ്പിച്ചാണ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നത്. മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വകുപ്പുകളിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് കിടക്കകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. യൂറോളജി വിഭാഗത്തിൽ പുതിയ ഉപകണങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതുകൊണ്ട് രോഗികൾക്ക് ചികിത്സ മുടങ്ങുന്നുണ്ട്.
ശസ്ത്രക്രിയകൾക്കുള്ള പല വാസ്കുലർ ഉപകരണം കാലഹരണപ്പെട്ടു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖം മൂലമുണ്ടാകുന്ന മൂത്രതടസം, മൂത്രസഞ്ചിയിലുണ്ടാകുന്ന കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിസ്റ്റസ്കോപ്പ് ഉപകരണം തുടങ്ങിയവ ഉപയോഗശൂന്യമായ അവസ്ഥയ്ക്ക് അടിയന്തര നടപടി ഉണ്ടാകണമെന്നും ടി.വി. സോണി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam