കോട്ടയം: നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക മുഖം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അമൃത് -2 ല്‍ കോട്ടയം നഗരവും. നഗരത്തിന്റെ എല്ലാം ഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. 50,000 ന് മുകളില്‍ ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങള്‍ക്കാണ് അമൃത്പദ്ധതി സഹായം നല്‍കുന്നത്. അമൃത് -2 ല്‍ 39 നഗരങ്ങളാണുള്ളത്.
നഗരസഭാ ചെയര്മാന് അധ്യക്ഷനും സെക്രട്ടറി, എന്‍ജിനിയര്‍, നഗരവികസന പ്രാവീണ്യമുള്ള അംഗങ്ങളുള്‍പ്പെടെ പത്തംഗ കമ്മിറ്റി ഇതിനായുള്ള പ്ലാന്‍ തയാറാക്കാന്‍ രൂപീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളിലെ കുടിവെള്ള വിതരണം, മലിനജല സംസ്കരണം, ഹരിത ഇടങ്ങളുടെ നിര്‍മാണം, സുസ്ഥിര നഗര ഗതാഗതം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യ മേഖലകളിലാകും പ്രധാനമായും വികസനം ലക്ഷ്യമിടുന്നത്. മൃഗ സംരക്ഷണം, വ്യവസായം, കായികവിനോദം, വാണിജ്യം എന്നിങ്ങനെ ജനക്ഷേമവുമായി ബന്ധപ്പെട്ടു നില്ക്കുന്ന മേഖലകളിലും ആധുനിക സൗകര്യങ്ങളും വികസനവും ഇതിന്റെ ഭാഗമായി നടപ്പാക്കും. ഇത്തരത്തിൽ നഗരങ്ങളുടെ മുഖച്ഛായ മാറ്റി ആധുനികതയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പിന്തുണയാണ് നല്‍കുന്നത്.
നഗരത്തിന്റെ സമഗ്ര വികസനത്തിനായി നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിപിആര്‍ തയാറാക്കി നല്‍കുന്നതിനനുസരിച്ചാണ് അമൃത് പദ്ധതിയിലുള്‍പ്പെടുന്ന നഗരങ്ങള്‍ക്ക് അര്‍ബന്‍ ചലഞ്ച് ഫണ്ടിലൂടെ സാമ്പത്തിക പിന്തുണ നല്‍കുന്നത്. പദ്ധതിയിലൂടെ തിരുനക്കര, കഞ്ഞിക്കുഴി, നെഹ്റു സ്റ്റേഡിയം തുടങ്ങിയ നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം നവീകരിച്ച് ആധുനിക മുഖം നല്‍കുമെന്ന് നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.