പാറേല്‍ മര്‍ത്ത്മറിയം പള്ളി
ചങ്ങനാശേരി: പ്രഥമ പാറേല്‍ കപ്പേള കൂദാശചെയ്ത 120-ാം വര്‍ഷത്തില്‍ ബസിലിക്കാ പദവി. 1906 ഡിസംബര്‍ ഏഴിനായിരുന്നു ആദ്യപള്ളിയുടെ കൂദാശ. ജപമാല ചൊല്ലിയും കീര്‍ത്തനങ്ങള്‍ ആലപിച്ചും നടന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് വികാരി അപ്പസ്തോലിക്ക മാര്‍ മാത്യു മാക്കീലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൂദാശാ കര്‍മ്മങ്ങള്‍ നടന്നത്.
2015 ഓഗസ്റ്റ് 15ന് ശിലാസ്ഥാപനം നടത്തി 11 വര്‍ഷങ്ങള്‍ക്കൊണ്ടാണ് പുതിയ തീര്‍ഥാടനകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. പൗരസ്ത്യ പാരമ്പര്യത്തനിമയിലും ഭാരതീയ വാസ്തുവിദ്യാത്തനിമയിലും തീര്‍ഥാടകര്‍ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് മൂന്നു നിലകളിലായി പുതിയ തീര്‍ഥാടനകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാകുന്നത്.
രണ്ടാംനിലയില്‍ (മുകളില്‍) മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന മര്‍ത്ത്മറിയം വലിയപള്ളി, ഒന്നാംനിലയില്‍ തൊള്ളായിരം പേരെ ഉള്‍ക്കൊള്ളാവുന്ന അമലോത്ഭവമാതാ പള്ളി, ഏറ്റവും താഴെ സെല്ലാര്‍ തലത്തില്‍ ഇരുനൂറ് പേരെ ഉള്‍ക്കൊള്ളുന്ന ഭൂഗര്‍ഭ കപ്പേള എന്നീ മൂന്നു ദൈവാലയങ്ങളാണ് തീര്ഥാടനകേന്ദ്രത്തിലുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് പുതിയ പള്ളിയുടെ കൂദാശ നിര്‍വഹിക്കുന്നത്. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിക്കും.
യുവജന മഹാജപമാല റാലിയും സമ്മേളനവും നാളെ
പാറേല്‍ മര്‍ത്ത്മറിയം പള്ളി കൂദാശയോടനുബന്ധിച്ച് നാളെ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് മുണ്ടകത്തില്‍. രാവിലെ ഏഴിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കല്‍ക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മം നിര്‍വഹിക്കും. 9.30 ന് ബിഷപ് മാര്‍ തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിമരം വെഞ്ചരിപ്പ്കര്മം നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് 3.15 ന് ചങ്ങനാശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയില്നിന്നും അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ജപമാല മഹാറാലി ആരംഭിച്ച് പാറേല്‍ പള്ളിയില്‍ എത്തിച്ചേരും. അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് എസ്ബി കോളജ് മൈതാനത്ത് അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്റ്റ്യന്‍ ബാന്‍ഡ് അരങ്ങേറ്റം.
23ന് പാറേല്‍ അമലോത്ഭവമാതാ പള്ളി കുദാശാ കര്‍മം നടക്കും. കൂദാശകര്മത്തിനും വിശുദ്ധകുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ.വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
24ന് വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും.
നിത്യാരാധന കപ്പേളയുടെ കൂദാശാകര്‍മം 25ന്
25ന് വൈകുന്നേരം 4.30ന് ആര്ച്ച്ബപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പുകര്‍മം മുന്‍ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി നിര്‍വഹിക്കും. എസ്ബി കോളജ് ഗ്രൗണ്ടില്‍ 6.30ന് ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന സ്റ്റേജ് ഷോ അമ്മയോടൊപ്പം. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന മോണ്‍. സ്കറിയ കന്യാകോണില്‍.
27ന് മാര്‍ മാത്യു മാക്കീല്‍, മോണ്‍. സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണം 4.30ന് വിശുദ്ധ ക ുര്ബാനയും തീര്‍ഥജല കിണറിന്റെ വെഞ്ചിരിപ്പും നടക്കും. വികാരിജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ എട്ടിന് അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
മരിയഭക്തര്‍ക്ക് ആശ്വാസകേന്ദ്രം
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ പള്ളികളുടെ സമുച്ചയം കൂദാശ ചെയ്യപ്പെടുമ്പോള്‍ തലമുറകള്‍ക്ക് ഒരു വിശ്വാസകേന്ദ്രം ഉയരുകയാണ്. ലോകമെമ്പാടുമുള്ള മരിയ ഭകക് ഈ തീര്‍ഥാടനകേന്ദ്രം ഒരു ആശ്വാസകേന്ദ്രമായി മാറും. സഭയ്ക്കെും വിശ്വാസത്തിനുമെതിരേ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഈ തീര്‍ഥാടനകേന്ദ്രം എല്ലാത്തിനും ഉത്തരം നല്‍കും. ഈ ഇടവകയില്‍ ജനിച്ചുവളര്‍ന്ന ആളെന്ന നിലയില്‍ ഇതിന്റെ വളര്‍ച്ച നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. സ്വാഭാവികമായി വളര്‍ന്നുവന്ന ഒരു തീര്‍ഥാടനകേന്ദ്രമാണ് പാറേല്‍ പള്ളി. അതുകൊണ്ടുതന്നെ മാതാവിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇവിടെ വന്ന് അനുഗ്രഹങ്ങള്‍ വാങ്ങുന്ന ധാരാളം ആളുകളെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ വിവിധ മതസ്തരും ഉള്‍പ്പെടുന്നു.
കൈക്കാരനായിരുന്ന വേളയില്‍ പള്ളി പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം മാറ്റി സ്ഥാപിച്ച അവസരത്തില്‍ ഈ അത്ഭുത തിരുസ്വരൂപത്തെ സ്പര്‍ശിക്കാന്‍ സാധിച്ചത് വലിയയൊരു അനുഗ്രഹമായി ഇന്നും ഓര്‍മയില്‍ തെളിഞ്ഞുനില്ക്കുന്നു. അതിരൂപതയില്‍നിന്നുള്ള വികാരി ജനറാള്‍മാരും വികാരിയച്ചനും, മറ്റ് ഏതാനും വൈദികരും കൈക്കാരന്മാരും മാത്രമാണ് ഉണ്ടായിരുന്നത്.
താത്കാലിക ദേവാലയത്തിലും അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ പതിനായിരങ്ങളാണ് എത്തിയത്. എല്ലാറ്റിനോടും വിശ്വാസികള്‍ സഹകരിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് പാറേല്‍ അമ്മ അനുഗ്രഹം നല്‍കാതെ വിട്ടിട്ടില്ല. രോഗികള്‍, മക്കളില്ലാത്തവര്‍, വിവാഹം നടക്കാത്തവര്‍, അപകടങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ബിസിനസ് മെച്ചപ്പെടാന്‍, ഗവണ്മെന്റ് ജോലി, വിദേശത്തു ജോലി എന്നിവ ലഭിക്കാന്‍ ഇങ്ങനെ പോകുന്നു വിശ്വാസികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും. അതെല്ലാം നേടിയെടുക്കാന്‍ അമ്മയുടെ അടുക്കല്‍വന്ന് പ്രാര്‍ഥിച്ച് നേര്‍ച്ചക്കാഴ്ചകള്‍ അര്‍പ്പിച്ച് പോകുന്നവര്‍ അനേകായിരങ്ങളാണ്. കൂടാതെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ വന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ച് പോകുന്ന എല്ലാ മതത്തിലുംപെട്ടവര്‍ ധാരാളമാണ്. അതുകൊണ്ടുതന്നെ ഈ തീര്‍ഥാടന കേന്ദ്രം ഓരോ ദിവസവും വളരുകയാണ്.
ചങ്ങനാശേരിയിലും പരിസരങ്ങളിലുമുള്ള എല്ലാവര്ക്കും പാറേല്‍ പള്ളി ഒരു വികാരമാണ്. തിരുനാള്‍ സമീപിക്കുമ്പോള്‍ ഇവിടെനിന്ന് വിവാഹം കഴിച്ചുപോയവരും മാറിത്താമസിക്കുന്നവരും വിദേശ രാജ്യങ്ങളില്‍ പോയവരും സഹോദരങ്ങളും മക്കളുമായി നേരത്തേതന്നെ എത്തി മാതാവിന്റെ മധ്യസ്ഥപ്രാര്‍ത്ഥനയിലും, കുമ്പസാരം, പരിശുദ്ധ കുര്‍ബാന എന്നിവയിലും സജീവമായി പങ്കെടുത്ത് മടങ്ങുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ആത്മസംതൃപ്തി ഏറെ സന്തോഷം നല്കുന്നു.
തിരുനാളിന് മൂന്ന് പ്രദക്ഷിണങ്ങളാണ് നടത്തപ്പെടുന്നത്. ആദ്യത്തെ പ്രദക്ഷിണം കുരിശടിയിലേക്കും രണ്ടാമത്തെ പ്രദക്ഷിണം പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് കുരിശുംമൂട്ടിലേക്കും മൂന്നാമത്തെ പ്രദക്ഷിണം റെയില്‍വേ സ്റ്റേഷന് ഭാഗത്തുള്ള മന്ദിരം കുരിശടിയിലേക്കുമാണ്. ഇതിലെല്ലാം നാനാജാതി മതസ്ഥരായ എല്ലാവരുടെയും സഹകരണവും സാന്നധ്യവും ഉണ്ടെന്നുള്ളത് ഏറെ പ്രത്യേകത അര്‍ഹിക്കുന്നു. പ്രദക്ഷിണം കടന്നുപോകുന്ന വഴികളെല്ലാം അണിയിച്ചൊരുക്കി നാരങ്ങാമാല ഉള്‍പ്പടെയുള്ള വിവിധ നേര്ച്ചകാഴ്ചകള് അര്‍പ്പിക്കുന്നതും അമ്മയോടുള്ള വിശ്വാസവും ഭക്തിയുംകൊണ്ടാണ്.
അമ്മയുടെ സംരക്ഷണവും സ്നേഹവും കരുതലും അനുഭവിക്കുന്ന ഒരു ഇടവക ജനം ഇവിടെയുണ്ട്. എല്ലാ തിരുനാളുകളും ഗംഭീരമാക്കാന്‍ എല്ലാവരുംതന്നെ ഏതെങ്കിലും ശുശ്രൂഷകളിലേര്പ്പെടുന്നു. തിരുനാളിലെത്തുന്നവര്ക്ക് എല്ലാ സഹായവും ഇവര്‍ നല്കുന്നു.
മാതാവിന്റെ സാന്നിധ്യമുള്ള ഈ ഇടവകയില്‍ താമസിക്കുന്നവര്‍ മറ്റൊരു സ്ഥലത്തേക്ക് താമസിക്കാന്‍ പോകാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. മറ്റിടങ്ങളില്‍നിന്നു ധാരാളം കുടുംബങ്ങള്‍ പുതുതായി ഇവിടേക്ക് താമസക്കാരായി എത്തുന്നു. പാറേല്‍ പള്ളി ബസിലിക്കയായി ഉയരുകകൂടി ചെയ്യുമ്പോള്‍ ലോകമെമ്പാടും അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമായി മാറുകയാണ്. പാറേല്‍ അമ്മയുടെ അനുഗ്രഹം ഏവര്‍ക്കും ആശംസിക്കുന്നു.
ജോസുകുട്ടി കുട്ടംപേരൂര്‍
മുന്‍ കൈക്കാരന്,
സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്
പാറേല്‍ പള്ളി ബസിലിക്കയാകുന്നു; പ്രാര്‍ഥനയോടെ വിശ്വാസീസമൂഹം
ചങ്ങനാശേരി: ഹൃദയങ്ങളില്‍ ഇടംനേടിയ പാറേല്‍ പള്ളി ബസിലിക്കയാകുമ്പോള് പ്രാര്ഥനയോടയും ആവേശത്തോടെയും വിശ്വാസീസമൂഹം. കൂദാശാ ചടങ്ങുകളിലും ബസിലിക്കാ പ്രഖ്യാപനത്തിലും സാക്ഷികളാകാന്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് വിശ്വാസികള്‍. വര്ണാലങ്കാരങ്ങളാല് കമനീയമായ പാറേല്‍ പള്ളി കാണാന്‍ ഇന്നലെ അനേകരാണ് എത്തിയത്.
ഇന്ന് കൂദാശചെയ്യുന്ന മര്‍ത്ത്മറിയം വലിയപള്ളിക്കുള്ളില് വര്‍ണാഭമായ കാര്‍പ്പറ്റുകള്‍ വിരിച്ചും തേക്കിന്‍തടിയില്‍ കടഞ്ഞെടുത്ത ഇരിപ്പിടങ്ങള്‍ ഒരുക്കിയും മനോഹരമാക്കിയിട്ടുണ്ട്. മാലാഖാ വൃന്ദങ്ങളാല്‍ മദ്ബഹയുടെ കവാടം അലംകൃതമാണ്.
വിശ്വാസീസമൂഹത്തെ സ്വര്ഗാനുഭവത്തിലേക്കു കൊണ്ടപോകുന്ന വിധത്തിലാണ് പള്ളിയുടെ ഉള്‍ഭാഗം ക്രമീകരിച്ചിരിക്കുന്നത്. പൗരസ്ത്യ വിശ്വാസ പാരമ്പര്യങ്ങളും ഭാരതീയ ശില്പകലയുടെ മനോഹാരിതയും പാറേല്പ്പള്ളിയെ ഹഠദാകര്ഷകമാക്കുന്നു.
Tags : Basilica Status Nattuvishesham DistrictNews Parel Chapel