ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വത്തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്. പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ക്രിസ്തുരാജ ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ പള്ളിയും നഗരവും അണിഞ്ഞൊരുങ്ങി.
ഇന്ന് രാവിലെ 5.30നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് ക്രിസ്തുരാജന്റെ രൂപം എഴുന്നള്ളിച്ചു വയ്ക്കും. തുടർന്ന് ഫാ. തോമസ് പ്ലാപ്പറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന-ഫാ. ജോസ് മുകളേൽ. 6.30ന് ആരംഭിക്കുന്ന പട്ടണപ്രദക്ഷിണം അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി, തുമ്പശേരി ജംഗ്ഷൻ, എംസി റോഡ് വഴി പള്ളിയിൽ എത്തി സമാപിക്കും. നാളെ രാവിലെ 9.30ന് റാസ കുർബാനയും വൈകുന്നേരം ആറിന് പട്ടണപ്രദക്ഷിണവും നടക്കും.
ഏറ്റുമാനൂർ നിവാസികളുടെ ക്രിസ്തുരാജ ഭക്തിയാണ് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സ്ഥാപനത്തിന് ഇടയാക്കിയത്. 1960ൽ അതിരമ്പുഴ ഇടവകയിൽ നിന്നു പിരിഞ്ഞ് ഏറ്റുമാനൂർ ഇടവക രൂപീകൃതമാകുന്നതിനും വർഷങ്ങൾക്കു മുമ്പേ രാജത്വ തിരുനാൾ ദിവസം അതിരമ്പുഴയിലെയും ചുറ്റുപാടുമുള്ള ഇടവകകളിലെയും ആയിരക്കണക്കിന് വിശ്വാസികൾ ഏറ്റുമാനൂരിൽ ഒത്തുകൂടി ക്രിസ്തുരാജത്വ റാലി നടത്തിയിരുന്നു.
ഈ ക്രിസ്തുരാജത്വ ഭക്തിയാണ് ഏറ്റുമാനൂരിൽ സ്ഥാപിതമായ പള്ളിക്ക് ക്രിസ്തുരാജ പള്ളി എന്നു നാമകരണം ചെയ്യാൻ ഇടയായത്. സ്വതന്ത്ര ഇടവക രൂപം കൊണ്ടതോടെ ക്രിസ്തുരാജത്വ തിരുന്നാൾ ആർഭാടപൂർവം കൊണ്ടാടാൻ തുടങ്ങി.
ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങൾ
എല്ലാവരെയും ദൈവം അനുഗ്രഹിക്കുന്ന നിമിഷമാണ് ഈ തിരുനാൾ ദിനങ്ങൾ. ദൈവത്തെ ഒന്നിച്ച് സ്തുതിക്കുവാനും ക്രിസ്തുരാജന്റെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് സ്നേഹവും സമാധാനവും ഹൃദയങ്ങളിൽ നുകരുവാനുമുള്ള അവസരമായി തിരുനാൾ ദിനങ്ങൾ മാറുമെന്നതിൽ സംശയമില്ല.
- ഫാ. തോമസ് കുത്തുകല്ലുങ്കൽ, വികാരി
നല്ലോർമകളുടെ തിരുനാൾ
രാജത്വത്തിരുനാളിനെപ്പറ്റി ചിന്തിക്കുമ്പോൾ ടൗണിന്റെ മധ്യത്തിലായി കുരിശുപള്ളിയുടെ മുകളിൽ ഏറ്റുമാനൂരിലെ സർവ ജനതയെയും ആശീർവദിച്ച് കൈവിരിച്ചു നിൽക്കുന്ന രൂപമാണ് ആദ്യം മനസിലേക്ക് വരുന്നത്. പട്ടണ പ്രദക്ഷിണങ്ങൾ, മുമ്പുണ്ടായിരുന്ന ക്രിസ്തുരാജ റാലി തുടങ്ങിയവയെല്ലാം മനസിൽ ഓടിയെത്തുന്നു.
- സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ, ജനറൽകൺവീനർ
അനുഗ്രഹത്തിന്റെ അനുഭവം
ഈ തിരുനാൾ ഈ പ്രദേശത്തെ ജനതയ്ക്ക് ക്രിസ്തുരാജന്റെ പരിപാലനയുടെയും അനുഗ്രഹത്തിന്റെയും അനുഭവങ്ങളുടെ അവസരമാണ്. ക്രിസ്തുരാജനോടുള്ള ഭക്തിയും ആരാധനയും ജനങ്ങൾക്ക് പ്രത്യാശയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നു.
- ഡോ. കെ.സി. ജോർജ് കാരയ്ക്കാട്ട്
പാരീഷ് കൗൺസിൽ സെക്രട്ടറി
Tags : Ettumanoor Nattuvishesham DistrictNews