ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടത്തിയ പട്ടണ പ്രദക്ഷിണം പള്ളിയിൽ നിന്ന് ആരംഭിച്ചപ്പോൾ.
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടത്തിയ പട്ടണ പ്രദക്ഷിണം ഭക്തിനിർഭരമായി. നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ സംബന്ധിച്ചു.
വൈകുന്നേരം ഫാ. ജോസ് മുകളേൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണ വീഥികൾ കൊടിതോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും അലംകൃതമായിരുന്നു.
പള്ളിയിൽനിന്നാരംഭിച്ച പ്രദക്ഷിണം അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി വഴി തുമ്പശേരി ജംഗ്ഷനിൽ എംസി റോഡിൽ പ്രവേശിച്ച് കുരിശുപള്ളിയിൽ എത്തിയപ്പോൾ ഫാ. മാർട്ടിൻ നീളംപറമ്പിലിന്റെ കാർമികത്വത്തിൽ ലദീഞ്ഞ് നടത്തി. തുടർന്ന് പള്ളിയിൽ എത്തി പ്രദക്ഷിണം സമാപിച്ചു. പ്രധാന തിരുനാൾ ദിവസമായ ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. ഏഴിന് ക്രിസ്തുരാജ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം- ഫാ. ജോബിൻ വന്യംപറമ്പിൽ. 9.30ന് റാസ കുർബാന-ഫാ. മെൽബിൻ കഴുന്നുകണ്ടത്തിൽ. പ്രസംഗം- ഫാ. സിബിൻ മുളവരിക്കൽ. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, പ്രസംഗം: ഫാ. ജേക്കബ് ചക്കാത്ര. ആറിന് പട്ടണ പ്രദക്ഷിണം ആരംഭിക്കും.
പള്ളിയിൽനിന്ന് നീണ്ടൂർ റോഡിലൂടെ മർത്ത്മറിയം കുരിശടിയിൽ എത്തി കണ്ണാറമുകൾ റോഡിലൂടെ എംസി റോഡിൽ പ്രവേശിച്ച് കുരിശുപള്ളിയിൽ എത്തും. അവിടെ ഫാ. ജിയോ പറേക്കുന്നേലിന്റെ കാർമികത്വത്തിൽ ലദീഞ്ഞിനുശേഷം പള്ളിയിൽ എത്തി സമാപിക്കും. തുടർന്ന് കൊടിയിറക്കും നേർച്ച വസ്തുക്കളുടെ ലേലവും.
Tags : Rajathwa Thirunal Nattuvishesham District News Ettumanoor Discussion in Ettumanoor