കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ച് മേയര്‍ ഒ. സദാശിവന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, ആരോഗ്യമന്ത്രി കെ. മുരളീധരന്, തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി എന്നിവരെ കണ്ടു.
കോഴിക്കോട് നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരമായി വളര്‍ത്തിയെടുക്കുന്നതിന് കൗണ്‍സില്‍ ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ വികസന പദ്ധതികള്‍ ശ്രദ്ധയില്പ്പെടുത്തുന്നതിനായിരുന്നു സന്ദര്‍ശനം.
കോര്പറേഷന് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ. രാജീവ്, പ്രതിപക്ഷ നേതാവ് എസ്.വി.എം. ഷമീല്‍ തങ്ങള്‍, സി.പി. സലീം, നവ്യ ഹരിദാസ്, അഡ്വ. സാറ ജാഫര്‍, എംഎല്‍എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക്, ടാഗോര്‍ സെന്റനറി ഹാള്‍ നവീകരണം, മലിനജല വിഷയം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണത്തിന് പ്ലാന്റ് സ്ഥാപിക്കല്‍, മെഡിക്കല്‍ കോളജ് ഭാഗത്തെ ബസ് ടെര്‍മിനല്‍ നിര്‍മാണം, കോര്പറേഷന് ഓഫീസ് മുതല്‍ സിഎച്ച് ഫ്ളൈ ഓവര്‍ വരെയുള്ള റോഡ് നവീകരണം, കോഴിക്കോട് നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകക്ഷി സംഘം മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പല പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ അനുമതി ലഭ്യമാകാത്തതും മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
Tags : Local News Nattuvishesham Kozhikode