പ്രതീകാത്മക ചിത്രം
കോട്ടയം: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ നയരൂപീകരണ ഏകോപന സമിതി കെആർഎൽസിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഫഷണൽസ് കോൺക്ലേവ് 2026 ഇന്ന് നടക്കും.
വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടക്കുന്ന കോൺക്ലേവിൽ ഗവേഷകർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, ഭരണ നിർവഹണവിദഗ്ധർ, സംരംഭകർ, മാധ്യമ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 300 ഓളം പ്രഫഷണലുകൾ പങ്കെടുക്കും.
രാവിലെ 9:30ന് രജിസ്ട്രേഷൻ. 9.45ന് വിശുദ്ധ കുർബാന. 11ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്റായ ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. തുടർന്ന് ലിഡ ജേക്കബ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
വിജയപുരം മെത്രാനും കെആർഎൽസിസി വൈസ്പ്രസിഡന്റുമായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറന്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു ജോർജ് അറയ്ക്കത്തറ, ജോസഫ് ജൂഡ്, മെറ്റിൽഡ മൈക്കിൾ എന്നിവർ പ്രസംഗിക്കും.
തുടർന്ന് ഗ്രൂപ്പ് ചർച്ചയിൽ ആശയരൂപീകരണം നടത്തി റിപ്പോർട്ടുകൾ തയാറാക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന പൊതുസമ്മേളനത്തിൽ ചർച്ചകളുടെ പൊതുറിപ്പോർട്ട് അവതരിപ്പിക്കും. ഭാവിപദ്ധതികളും കർമപരിപാടികളും ആസൂത്രണം ചെയ്യുന്ന പൊതുചർച്ചയെത്തുടർന്ന് 3.30ന് കോൺക്ലേവ് സമാപിക്കും.