കിടങ്ങൂരില്‍ റോഡരികിലെ വൈദ്യുത തൂണിൽ വള്ളിപ്പടർപ്പ് കയറിയ നിലയിൽ.
കിടങ്ങൂര്‍: കെഎസ്ഇബിയുടെ അനാസ്ഥ മൂലം പ്രദേശവാസികൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി പരാതി. അമിത വോൾട്ടേജ് പ്രവഹിച്ചതിനെ തുടർന്ന് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
33 കെവി ലൈൻ സ്ഥാപിച്ച ശേഷം, അതിനോട് ചേർന്നിരുന്ന എൽടി ലൈനുകൾ 33 കെവി ഇരുമ്പ് പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
അന്നുമുതൽ 33 കെവി എർത്ത് ലൈൻ എൽടി ലൈനിൽ സ്പർശിക്കുന്ന സാഹചര്യമുണ്ടായിരുന്നെ ന്നും ഇത് സംബന്ധിച്ച് കെഎസ്ഇബി അധികൃതരെ രേഖാമൂലവും ഫോൺ മുഖേനയും പലതവണ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സ്വന്തം ചെലവിൽ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂവെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചതെന്നും അവർ ആരോപിച്ചു.
കെഎസ്ഇബി ജീവനക്കാർ പതിവായി സഞ്ചരിക്കുന്ന ഈ റോഡിൽ 33 കെവി ലൈനിന് അപകടഭീഷണി ഉയർത്തിനിന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഇന്നലെ മരച്ചില്ലകൾ ലൈനിൽ തട്ടിയതിനെ തുടർന്ന് അമിത വോൾട്ടേജ് ഉണ്ടായതും നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചതും.
സംഭവത്തിന് പിന്നാലെ കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റിയെങ്കിലും മുൻകൂട്ടി നടപടി സ്വീകരിച്ചിരുന്നെങ്കിൽ നാശനഷ്ടം ഒഴിവാക്കാനാകുമായിരുന്നെന്നാണ് നാട്ടുകാരുടെ വിമർശനം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam