നെടുമങ്ങാട്: അരുവിക്കര കളത്തറ- നെടുമങ്ങാട് റോഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ കെഎസ് ആർടിസി ബസ് താഴ്ന്നു. ഇന്നലെ ഉച്ചയോടെ കളത്തറയിലാണ് സംഭവം.
എതിരെവന്ന ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകാനായി ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോയിരുന്നു അപകടം നടന്നത്. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലേക്കു ബസിന്റെ ടയർ പുതയുകയായിരുന്നു. ബസ് കുഴിയിൽ താഴ്ന്നതോടെ ഈ ഭാഗത്തെ ഗതാഗതം തടസപ്പെട്ടു.
തുടർന്ന് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മെക്കാനിക് ഉൾപ്പെടെയുള്ള സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബസ് കെട്ടിവലിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു. അശാസ്ത്രീയമായ കുഴിയെടുക്കൽ യാത്രക്കാർക്കു വലിയ ഭീഷണിയാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.