പാലത്തിൽ ടാർ ഉയർന്നു പൊങ്ങിയ നിലയിൽ.
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലത്തിൽ ടാറിംഗ് നീങ്ങിയതിനെ തുടർന്ന് രൂപപ്പെട്ട കുഴികൾ വാഹന യാത്രക്കാർക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്.
പാലത്തിന്റെ ഇരുവശങ്ങളിലും ടാർ ഉൾപ്പെടെയുള്ള മിശ്രിതം ഉയർന്നതും ടാറിംഗ് നീങ്ങി കുഴി രൂപപ്പെട്ടതും മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
പകൽ സമയം കടുത്ത വെയിലിൽ ടാർ മിശ്രിതം ചൂടായി കിടക്കുന്ന സമയങ്ങളിൽ ഇതുവഴി കൂറ്റൻ ലോറികൾ കടന്നുപോകുമ്പോഴാണ് ടാർ മിശ്രിതം തെന്നിമാറി, ടയറുകൾ പതിയുന്നതിന്റെ പുറം ഭാഗത്തായി റോഡിൽ കുഴികൾ രൂപപ്പെടുന്നത്. പാലത്തിന്റെ വശങ്ങളോട് ചേർന്ന് പല ഭാഗങ്ങളിലും ഇത്തരത്തിൽ തടകളും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഓട്ടോകളും ഇരുചക്ര വാഹനങ്ങളുമുൾപ്പെടെയുള്ളവ ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത് പതിവാണ്. പാലത്തിൽ മുൻപുണ്ടായിരുന്ന അപകടകരമായ കുഴികൾ നികത്തിയതിനോട് ചേർന്നു തന്നെയാണ് പുതുതായി വീണ്ടും തടകളും കുഴികളും ഉണ്ടായിരിക്കുന്നത്.
പല തവണകളായി ചെയ്ത ടാറിംഗ് മൂലം ഉയർന്ന പാലത്തിന്റെ പ്രതലത്തിൽ നിന്ന് അധികമായ ടാർ മിശ്രിതം നീക്കിയ ശേഷം റീടാറിംഗ് ചെയ്താൽ മാത്രമേ പാലത്തിൽ ഇടയ്ക്കിടയ്ക്കായുണ്ടാകുന്ന ഇത്തരം പ്രശ്നത്തിന് ശമനമുണ്ടാകൂ എന്ന് നാട്ടുകാർ പറയുന്നു.
Tags : Nattuvishesham DistrictNews