പ്രതീകാത്മക ചിത്രം
ആറന്മുള: ഉത്തൃട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ഈ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്കും സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
ജില്ലാ പോലീസ് മേധാവിയുടെ അഭ്യർഥന പ്രകാരം ജില്ലാ കളക്ടറുടെ ഇടപെടലിലാണ് ഈ സംവിധാനം ഒരുക്കിയത്. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിൽ ഉള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കോഴഞ്ചേരി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ചെങ്ങന്നൂർ, മാലക്കര, കോഴിപ്പാലം ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും വരുന്നവർക്ക് മാലക്കര ഭാഗത്ത് ബസ് സൗകര്യം ലഭിക്കും.
പന്തളം, കുളനട, കിടങ്ങന്നൂർ നാൽക്കാലിക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കിടങ്ങന്നൂർ മുതൽ ബസ് സൗകര്യം ലഭിക്കും. പത്തനംതിട്ട, ഇലന്തൂർ, തെക്കേമല ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് തെക്കേമലയിൽ നിന്നും വാഹന സൗകര്യം ലഭിക്കും. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനു തടസമുണ്ടാകാത്ത തരത്തിലാണ് ക്രമീകരണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.