യന്ത്രം ഉപയോഗിച്ച് സ്കൂൾ ഭിത്തിയിൽ വരച്ച ചിത്രത്തിനൊപ്പം പി.കെ. വിജയകുമാർ.
കുമരകം: കാലം മാറി, വരയുടെ രീതിയും. യന്ത്ര സഹായത്താൽ വരയ്ക്കുന്ന ചുവർചിത്രങ്ങൾ കുമരകത്ത് വിസ്മയക്കാഴ്ച ഒരുക്കുന്നു. കുമരകം പഞ്ചായത്ത് ഓഫീസിനു സമീപം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപിവിഭാഗത്തിന്റെ ചുവരുകളാണ് പുത്തൻ കലാസൃഷ്ടിക്ക് കാൻവാസായി മാറിയത്. കംപ്രസറും ഗണ്ണും ഉപയോഗിച്ച് പ്രശസ്ത ചിത്രകാരനായ പി.കെ. വിജയകുമാർ എന്ന ആയില്യം വിജയകുമാറാണ് കുട്ടികൾക്കായി സ്കൂളിൽ ചുവർ ചിത്രങ്ങൾ വരയ്ക്കുന്നത്.
രാഷ്ട്രപിതാവ്, ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഓർമകൾ, മാലിന്യ സംസ്കരണം, അച്ചടക്കം, ആവാസവ്യവസ്ഥിതി, കാളവണ്ടിയുഗം, പരിസ്ഥിതി ദിനം എന്നിങ്ങനെ പുതുതലമുറയ്ക്ക് ആവശ്യമായ എല്ലാം ഈ വർണ കലാസൃഷ്ടിയിൽ വിസ്മയ കാഴ്ചകളായി. ഇനാമൽ ചായങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് വിജയകുമാർ പറഞ്ഞു. വളരെ വേഗത്തിൽ ചിത്രം പൂർത്തിയാക്കാൻ യന്ത്രസഹായത്തോടുകൂടിയുള്ള ചിത്രരചനയ്ക്ക് സാധിക്കും.
ചെറുപ്പം മുതൽ ചിത്രകലയിൽ പ്രഗത്ഭനായ ഇദ്ദേഹം നിരവധി ശില്പങ്ങളും നിർമിച്ചിട്ടുണ്ട്. കേരളത്തിലെ പല സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ചുമർചിത്രങ്ങൾ വരയ്ക്കുന്നത് വിജയകുമാറാണ്. മക്കൾ: വിദ്യാർഥികളായ അശ്വനി, ആദ്രി.
Tags : Local News Nattuvishesham Kottayam