കാട്ടാക്കട: നെയ്യാറിന്റെ ഇടതുകര കനാലിനോട് ചേർന്നുള്ള കുരവറ - കാനക്കോട് ബണ്ട് റോഡ് സുരക്ഷാവേലിയില്ലാത്തതിനാൽ അപകടക്കെണിയാകുന്നു. വാഹനങ്ങൾ ചാനലിലേക്ക് മറിഞ്ഞും കാൽനടയാത്രക്കാർ വീണും ഇവിടെ ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
കുരവറ മുതൽ കാനക്കോട് വരെയും പ്ലാങ്കാലവിള ഭാഗത്തേക്കുമുള്ള റോഡിന്റെ പല ഭാഗങ്ങളിലും ചാനലിനോട് ചേർന്നുള്ള അരിക് ഇടിഞ്ഞ നിലയിലാണ്. കാടുകയറിയതിനാൽ റോഡിന്റെ വശം വ്യക്തമായി കാണാനും കഴിയുന്നില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിനിടെയാണ് അപകടസാധ്യത കൂടുതലാകുന്നത്.
സ്കൂൾ വാനുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്. നേരത്തെ വിദ്യാർഥിയടക്കം അപകടത്തിൽപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുരവറ സ്മാർട്ട് അങ്കണവാടിക്ക് സമീപം 16 ലക്ഷം രൂപ ചെലവിൽ പുതിയ പാലം നിർമിച്ചെങ്കിലും, ബണ്ട് റോഡിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന നടപടി ഇപ്പോഴും ബാക്കിയാണെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാവേലി ഉടൻ സ്ഥാപിക്കണമെന്നാണ് ആവശ്യം.