പുറത്തൂർ: പുറത്തൂരിൽ ജനവാസമേഖലയിൽ ലഹരിമാഫിയാ സംഘത്തിന്റെ അഴിഞ്ഞാട്ടം. ചിറക്കലങ്ങാടിയിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ശേഷമാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
അഞ്ചുവീടുകൾക്ക് നേരേ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ മൂന്നംഗസംഘം വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ടിരുന്ന അഞ്ചു ബൈക്കുകളും മൂന്ന് കാറുകളും അടിച്ചുതകർത്തു. അക്രമം തടയാൻ ശ്രമിച്ച വീട്ടുകാരായ മൂന്ന് പേർക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറക്കലങ്ങാടി പൂളക്കൽ കുഞ്ഞിമുഹമ്മദിന്റെ മക്കളായ റസാഖ്, അസറു, വാരിജാക്ഷൻ, സുമേഷ് എന്നിവരുടെ വീടുകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ലോകകപ്പ് മത്സരം കാണുകയായിരുന്ന ക്ലബിന് സമീപത്തുവച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിന് പിന്നാലെ വടിവാൾ, കോടാലി, ഇരുന്പുവടികൾ എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമിസംഘം വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് നാട്ടുകാർ പറയുന്നു.
ഇയാളുടെയും സംഘത്തിന്റെയും ഭീഷണി മൂലം പരാതിപ്പെടാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.
ലഹരി മാഫിയക്കെതിരേ കടുത്ത നടപടിയുണ്ടാകും: വി.എസ്. ജോയ് എംഎൽഎ
പുറത്തൂർ: ലഹരി മാഫിയ സംഘങ്ങളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അക്രമികൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വി.എസ്. ജോയ് എംഎൽഎ പറഞ്ഞു.
ആക്രമണം നടന്ന വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഈ അക്രമം.
ലഹരിസംഘങ്ങളെ അടിച്ചമർത്തുക എന്നത് സർക്കാരിന്റെയും പോലീസിന്റെയും പ്രഖ്യാപിത നയമാണ്. ഈ കേസിലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികൾക്കായി തെരച്ചിൽ ഉൗർജിതമാക്കാൻ തിരൂർ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഹരിസംഘങ്ങൾക്കെതിരേ നാട്ടുകാരുടെ വലിയ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും എംഎൽഎ പറഞ്ഞു.
Tags : Local News Nattuvishesham Malappuram