ആലത്തൂർ: ഡ്രൈവിംഗ് ലൈസൻസിന്റെ ഭാഗമായുള്ള ലേണേഴ്സ് ടെസ്റ്റിനു പോകുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായി പരാതി.
കമ്പ്യൂട്ടറുകളുടെ കുറവും നെറ്റ് കണക്്ഷൻ ഇല്ലാത്തതുമൊക്കെ കേന്ദ്രങ്ങളിൽ അപേക്ഷകരെ വലയ്ക്കുന്നുണ്ട്. ടെസ്റ്റിനായി അതിരാവിലെ എത്തണം. അറുപതിലേറെപേർ ടെസ്റ്റിൽ പങ്കെടുക്കാനുണ്ടാകും. എന്നാൽ ഇവർക്കുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളില്ല. നിലവിലുള്ള കമ്പ്യൂട്ടറുകളിൽതന്നെ നെറ്റ് പ്രശ്നത്താൽ ഏതുസമയവും സ്ലോ ആണെന്നാണ് അപേക്ഷകർ പറയുന്നത്. ഇതിനിടെ ടെസ്റ്റിന്റെ സമയം കഴിയും.
ടൈംഔട്ട് കാണിക്കും. ഇതുമൂലം അപേക്ഷകരിൽ ഭൂരിഭാഗവും പരാജയപ്പെടുന്ന സ്ഥിതിയാണ്. പരാജയപ്പെട്ടാൽ അടുത്ത ടെസ്റ്റ് ദിവസം അറിയണമെങ്കിൽ വൈകുന്നേരംവരെ അവിടെ നിൽക്കണം. എന്തോ കുറ്റം ചെയ്തവരെപ്പോലെയാണ് അപേക്ഷകരോട് പെരുമാറുന്നതെന്നു പറയുന്നു.
പത്തോ പതിനഞ്ചോ പേർക്കുമാത്രം ഇരിക്കാവുന്ന ഇരിപ്പിടങ്ങളെ ഇത്തരം കേന്ദ്രങ്ങളിലുള്ളൂ. മറ്റുള്ളവർ മണിക്കൂറുകളോളം നിന്നുകുഴയണം. സ്ത്രീകളാണെങ്കിൽ ഒപ്പംവന്നവരും. ഒരുദിവസത്തെ ജോലിയും സമയവും കളഞ്ഞ് കാത്തിരിപ്പു നടത്തണം.
ഭക്ഷണം കഴിക്കാൻ പോകാനോ മറ്റു ആവശ്യങ്ങൾക്കു പോകാനും കഴിയില്ല. എപ്പോഴാണ് വിളിക്കുക എന്നറിയാത്തതിനാൽ വലിയ ത്യാഗം സഹിച്ചാണ് അപേക്ഷകർ പലരും ടെസ്റ്റിനു നിൽക്കുന്നത്. ടെസ്റ്റിനാവശ്യമായ സൗകര്യങ്ങളൊരുക്കി ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നാണ് അപേക്ഷകർ ആവശ്യപ്പെടുന്നത്.
Tags : Learner's Test Nattuvishesham District News