പുലി
പുഞ്ചവയൽ: പാക്കാനം ഇഞ്ചിക്കുഴിയിൽ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തുനായയെ ആക്രമിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടും കൂടുവയ്ക്കുവാൻ തയാറാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ. ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കൂടുവയ്ക്കുവാൻ കഴിയൂവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. വനാതിർത്തി പ്രദേശമായതുകൊണ്ട് തന്നെ പുലി നായയെ കൊന്ന് ഭക്ഷിച്ചതിനുശേഷം വീണ്ടും കാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വീണ്ടുമുണ്ടായാൽ തിരിച്ചറിയാൻ നാലു കാമറകൾ സ്ഥാപിച്ചിട്ടുണ്ടന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കാമറകളിലെ ദൃശ്യങ്ങൾ ഓരോ ദിവസവും പരിശോധിച്ചുവരികയാണ്. കാമറകളിൽ ഏതിലെങ്കിലും പുലിയുടെ ചിത്രം വീണ്ടും പതിയുന്ന സാഹചര്യമുണ്ടായാലേ കൂട് സ്ഥാപിക്കേണ്ടതുള്ളൂ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ സാഹചര്യം റെയ്ഞ്ച് ഓഫീസർ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കൂട് സ്ഥാപിക്കുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ശനിയാഴ്ച രാവിലെയാണ് പുഞ്ചവയൽ ഇഞ്ചിക്കുഴിയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ ചത്ത നിലയിൽ കണ്ടെത്തുന്നത്. അന്നു വൈകുന്നേരം വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. നായയെ കൊലപ്പെടുത്തിയശേഷം പിറ്റേന്ന് അവശേഷിക്കുന്ന ശരീരഭാഗങ്ങൾ ഭക്ഷിക്കാൻ പുലി വീണ്ടും എത്തിയതിന്റെ ദൃശ്യമാണ് വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞതെന്നാണ് സൂചന. പുലി ഇതിനുശേഷം വനത്തിലേക്ക് തിരികെപ്പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
അതേസമയം പ്രദേശത്ത് ആദ്യമായിട്ടല്ല പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും കഴിഞ്ഞ കുറേ മാസങ്ങൾക്കിടെ 15ൽപരം വളർത്തു നായകളെ പുലി ആക്രമിച്ചു കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ പുലി വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി അക്രമണം നടത്തുവാനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങാൻപോലും കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുവാൻ അടിയന്തരമായി പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Leopard Nattuvishesham District News