നഗരസഭയിലെ പി.ടി. തോമസ് സ്മാരക ലൈബ്രറിയില്‍ നിലത്ത് അലക്ഷ്യമായി ചിതറിക്കിടക്കുന്ന പുസത്കങ്ങള്‍.
തൊടുപുഴ: പുസ്തകവായനയെ പരിപോഷിപ്പിക്കുന്ന പരിശ്രമങ്ങള്‍ക്കിടയിലും നഗരസഭയിലെ പി.ടി. തോമസ് സ്മാരക ലൈബ്രറി കടുത്ത അവഗണനയില്‍. ഗാന്ധി സ്ക്വയറിലെ നഗരസഭാ കെട്ടിടത്തില്‍നിന്നു സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിലേക്കു മാറ്റി ഉദ്ഘാടനം ചെയ്ത ലൈബ്രറിയാണ് അവഗണനയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറിയിരിക്കുന്നത്. പഴയ കെട്ടിടത്തില്‍നിന്ന് ലൈബ്രറി മാറ്റിസ്ഥാപിച്ചിട്ട് രണ്ടു മാസത്തിലേറെയായിട്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ പോലും നടപടി സ്വീകരിച്ചിട്ടില്ല. എല്ലാവിധ സൗകര്യങ്ങളുള്ള കെട്ടിടമാണ് ഇത്തരത്തില്‍ വെറുതെകിടന്ന് നശിക്കുന്നത്.
ലൈബ്രറി അടച്ചിട്ടിരിക്കുന്നതിനാല്‍ നിലവില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത അവസ്ഥയാണ്. അതിനാല്‍ പുസ്തകപ്രേമികള്‍ക്കും ലൈബ്രറി പ്രയോജനപ്പെടുന്നില്ല. പഴയ ലൈബ്രറിയില്‍നിന്ന് ചാക്കില്‍ കെട്ടിമാറ്റിയ പുസ്തകങ്ങള്‍ വൃത്തിയായി അടുക്കിവയ്ക്കാന്‍ പോലും കഴിയാതെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. യഥാസ്ഥാനത്ത് പുസ്തകങ്ങള്‍ അടുക്കാനോ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലൈബ്രറി തുറന്നു നല്‍കാനോ ലൈബ്രേറിയനും താത്പര്യമില്ലെന്ന് ആക്ഷേപമുണ്ട്. ലൈബ്രറിയെ അവഗണിക്കുന്നതിലൂടെ എഴുത്തിനെയും വായനയെയും പൊതുപ്രവര്‍ത്തനം പോലെതന്നെ സ്നേഹിക്കുകയും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയായിരുന്ന പി.ടി. തോമസിനോട് അനാദരവ് കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
നിലവില്‍ ലൈബ്രറിയില്‍ ലഭിക്കുന്ന ദിനപത്രങ്ങളെല്ലാം മുറിയ്ക്ക് പുറത്തുള്ള വരാന്തയില്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. ഇവിടെയിരുന്നാണ് പലരും പത്രം വായിക്കുന്നത്. വായന നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ ദിവസവും ഇവിടെയെത്തി പത്രങ്ങള്‍ അടുക്കിവയ്ക്കുന്നതാണ് പതിവ്. മഴ പെയ്യുന്ന ദിവസങ്ങളില്‍ പത്രങ്ങള്‍ മഴയില്‍ കുതിര്‍ന്നുകിടക്കുന്ന കാഴ്ച പരിതാപകരമാണ്.
രാത്രികാലങ്ങളില്‍ മതിയായ വെളിച്ചം പോലുമില്ലാത്ത അവസ്ഥയാണിവിടെ. മാറാലയും പൊടിയും പിടിച്ച മുറി വൃത്തിയാക്കാന്‍ പോലും ആരും എത്തുന്നില്ല. പഴയ കെട്ടിടത്തില്‍ ദിനംപ്രതി നൂറോളം പേര് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലൈബ്രറിയോട് അടുപ്പമുള്ള ചുരുക്കം പേരാണ് എത്തുന്നത്. ഇവരാകട്ടെ നിലത്ത് കുത്തിയിരുന്ന് പത്രം വായിച്ചശേഷം മടങ്ങുകയാണ് പതിവ്. ഇക്കാര്യം പൊതുജനങ്ങള്‍ പലതവണ നഗരസഭാധികൃതരോട പരാതിപ്പെട്ടെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.
ലൈബ്രറിയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം 35 അടിയോളം താഴ്ചയില്‍ വലിയ കിടങ്ങുള്ളത് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയാണ്. അബദ്ധത്തില്‍ വാഹനങ്ങള്‍ താഴേക്കു പതിച്ചാല്‍ വലിയ അപകടത്തിനിടയാക്കും. ഇതിനു സമീപത്തുവരെ റോഡരികില്‍ സംരക്ഷണഭിത്തിയുണ്ടെങ്കിലും ഇവിടെ യാതൊരു സുരക്ഷാമുന്നറിയിപ്പില്ലാത്തതും ഭീഷണിയുയര്‍ത്തുണ്ട്. പുസ്തകങ്ങള്‍ പൂര്‍ണമായും മാറ്റാനാകാത്തതിനാലാണ് ലൈബ്രറി തുറക്കാതിരിക്കുന്നതെന്നും ലൈബ്രറി പൂര്‍ണ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും നഗരസഭാ വൈസ് ചെയര്മാന് കെ. ദീപക് പറഞ്ഞു.
Tags : District News Nattuvishesham Library severe neglect