മാധവ കാരണവർ
മാന്നാർ:സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ക്കും കേരള സംസ്ഥാന രൂപീകരണ ത്തിനും സാക്ഷ്യം വഹിച്ച മാന്നാർ കുട്ടമ്പേരൂർ കളിയിക്കൽ കിഴക്കേതിൽ മാധവ കാരണവർ (103) വിടവാങ്ങി.
1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽവന്ന ചരിത്രനിമിഷങ്ങളുടെ ജീവിക്കുന്ന സാക്ഷിയായിരുന്നു മാധവ കാരണവർ.
മൈക്കുകൾ ഇല്ലാതിരുന്ന കാലത്ത് ടി.എം. വർഗീസ്, സി. കേശവൻ, പട്ടം താണുപിള്ള തുടങ്ങിയ നേതാക്കൾ ഉയർന്ന പീഠങ്ങളിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തതും കരിമരുന്ന് പ്രയോഗങ്ങളും ഘോഷയാത്രകളുമായി കേരള പിറവി ആഘോഷിച്ചതുമെല്ലാം 100 കഴിഞ്ഞ അദേഹം കൃത്യമായ ഓർമയോടെ പങ്കുവെക്കുമായിരുന്നു.
1938ൽ ചെങ്ങന്നൂർ മൈതാനത്ത് നിരോധനാജ്ഞ ലംഘിച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിനും തുടർന്നുണ്ടായ പൊലിസ് വെടിവെപ്പിനും ലാത്തിച്ചാർജിനും അമ്മാവൻ നേരിട്ട് സാക്ഷിയായിട്ടുണ്ട്.
നാടിന്റെ ആദരണീയനായ കർഷകപ്രതിഭ കൂടിയായിരുന്ന മാധവ കാരണവരെ കർഷകശ്രേഷ്ഠനെന്ന നിലയിൽ വൈഎംസിഎ ആദരിച്ചിട്ടുണ്ട്.
കുട്ടംപേരൂർ പ്രദേശത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കാരണവർ കൂടിയായിരുന്ന അദ്ദേഹത്തെ നാട്ടുകാർ സ്നേഹത്തോടെ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ മകൾ ശ്രീദേവിയുടെ പരിചരണത്തിലാണ് മാധവ കാരണവർ വിശ്രമജീവിതം നയിച്ചിരുന്നത്.
മാധവ കാരണവരുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് തുടങ്ങിയവർ അനുശോചിച്ചു.
Tags : NattuVishesham DistricteNews