പോളയും കടകലും കെട്ടിക്കിടന്ന് വെള്ളം ഉപയോഗശൂന്യമായ മാന്പുഴക്കരി- ഊരുക്കരി-എടത്വ തോട് .
രാമങ്കരി: ഒരു കാലത്ത് എടത്വ- മാന്പുഴക്കരി ബോട്ട് സർവീസ് വരെ നടന്നിരുന്ന മാന്പുഴക്കരി- ഊരുക്കരി- എടത്വ നാട്ടുതോട് അടിയന്തരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ഒരുവർഷത്തിലേറെയായി പോളയും കടകലും തിങ്ങിവളർന്ന് വെള്ളം പൂർണമായും മലിനീകരിക്കപ്പെട്ടതോടെ പേരിനുപോലും ശുദ്ധജലം കണ്ടെത്താൻ കഴിയാതെ നാട്ടുകാർ കടുത്ത ദുരിതത്തിലാണ്.
ഒരു തുള്ളി നല്ലവെള്ളം കിട്ടാതെ വന്നതോടെ നൂറു കണക്കിന് കുടുംബങ്ങളാണിവിടെ ഒന്ന് കുളിക്കുവാനോ, പാത്രം വൃത്തിയാക്കുവാനോ, മറ്റ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുവാനോ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്.
പ്രദേശത്തെങ്ങും വാട്ടർ അഥോറിറ്റി വക പൈപ്പ്ലൈ നുകളോ ടാപ്പുകളോ സ്ഥാപിക്കാത്തതിനാൽ കുടിവെള്ളത്തിനും ഇവിടെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവർക്ക് കിലോമീറ്ററുകളോളം താണ്ടിയാലാണ് അല്പമെങ്കിലും കുടിവെള്ളം സംഭരിക്കാനാവുക.
നാട്ടുതോടുകളിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ വെള്ളം കെട്ടിക്കിടന്ന് മലിനീകരണപ്രശ്നം രൂക്ഷമാകുന്നതിനും വേഗം കൂടിയിട്ടുണ്ട്. ഇതോടെ ദുർഗന്ധം വമിക്കാനും തുടങ്ങി.കുട്ടനാട്ടിൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിച്ചു വരുന്നതിന് പിന്നിൽ നാട്ടിലെ ശുദ്ധജല ക്ഷാമം പ്രധാന പങ്ക് വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്പോഴും ഇതിന് തടയിടാനോ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാനോ അധികൃതർ തയാറാകാത്തതും പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രാവശ്യം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിവേദനങ്ങൾ നൽകുകയും പഞ്ചായത്ത് പടിക്കൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും അതൊന്നും ഫലം കണ്ടില്ല.
പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായെന്നു മാത്രമല്ല, നിരവധിയാളുകൾ ത്വക് രോഗങ്ങൾക്കും മറ്റ് സാംക്രമിക രോഗങ്ങൾക്കും അടിപ്പെടുന്ന സ്ഥിതിയുമായി.
Tags : NattuVishesham DistricteNews