കോഴിക്കോട്: ലോക്കായ കലാകാരന്മാരുടെ ലോക്ക് പൊട്ടിക്കുന്ന കാലം കൂടിയാണ് തെരഞ്ഞെടുപ്പ്.തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോള്‍ പ്രത്യേകിച്ചും. പാരഡി ഗാനങ്ങള്‍ക്ക് മാര്‍ക്കറ്റ് ഏറെയാണ്. മാത്രമല്ല അത്യാവശ്യം കാശും കിട്ടും. സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യർഥിച്ചുള്ള പാരഡി ഗാനങ്ങൾ റിക്കാര്‍ഡിംഗ് സ്റ്റുഡിയോകളില്‍ ഒരുങ്ങുകയാണ്.
വടക്കൻ മലബാറിന്റെ സമരചരിത്രം ഓർമിപ്പിക്കുന്ന വിപ്ലവ ഗാനങ്ങൾക്കും ഒപ്പം മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള വോട്ടഭ്യർഥനയ്ക്കുമാണ് ഏറെ പ്രിയം. പാട്ടിനൊപ്പമുള്ള വോട്ടഭ്യർഥനയിൽ പുതുമകൾ കൊണ്ടുവരാൻ മത്സരിക്കുകയാണ് സ്റ്റുഡിയോകളും ഗായക സംഘങ്ങളും. യുവാക്കളെയും വീട്ടമ്മമാരെയും ഒരുപോയെ കയ്യിലെടുക്കുന്ന ഗാനങ്ങള്‍ക്കും പ്രിയമേറെയാണ്.
അടുത്ത കാലത്തായി പുറത്തിറങ്ങി സൂപ്പര്‍ വിജയം കൊയ്ത ലോക എന്ന സിനിമയിലെ കിളിയേ കിളിയേ...എന്ന റീമേക്ക് സോംഗ് ഇതിനകം റിക്കാര്‍ഡിംഗ് സ്റ്റുഡിയോകളിലെ ഫേവറൈറ്റായി കഴിഞ്ഞു. ഇതിനൊപ്പം തന്നെ സമീപകാലത്തിറങ്ങിയ ഫാസ്റ്റ് നമ്പറുകള്‍ക്കും പ്രിയമേറെയാണ്.
സ്റ്റുഡിയോകളും പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായിക്കഴിഞ്ഞു. പ്രാദേശികമായ വിഷയങ്ങൾ ഉപയോഗിച്ച് സ്ഥാനാർഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം കണക്കിലെടുത്താണ് പാട്ടുകൾ തയാറാക്കുന്നത്.
സ്റ്റുഡിയോ വാടക ഓരോ മണിക്കൂറിനുമാണ് കണക്കാക്കുക. തിരക്കേറുമ്പോൾ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയിൽ ഓരോ മണിക്കൂറിലും പുതുഗാനങ്ങൾ പിറക്കും. മുന്നണി വ്യത്യാസമില്ലാതെ മത്സരാർഥികൾ ക്ഷമയോടെ ഊഴം കാത്തു നിൽക്കും.എതിർ സ്ഥാനാർഥിയുടെ ഗാനങ്ങൾക്ക് പാരഡി ഇറക്കാനും ശ്രമിക്കാറുണ്ട്.
ഒരു പാരഡി പാട്ട് എഴുതി റിക്കാർഡ് ചെയ്ത് കൊടുക്കുന്നതിന് 2,000 രൂപ വരെയാണ് ചെലവ്. വിഡിയോ ഉൾപ്പെടെയെങ്കിൽ അത് 4,000 ആകും. ഒരു മണിക്കൂർ നീളുന്ന അനൗൺസ്മെന്റിന് 1500 രൂപ വരെ വേറെ നൽകണം. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരിലെ കലാകാരന്മാര്ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. പണം വേറെ നല്കേണ്ടല്ലോ...
Tags : Local Election Local News Kozhikode Nattuvishesham