സുൽത്താൻ ബത്തേരി: ബത്തേരി മണ്ഡലത്തിൽ പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ മണ്ഡലമൊട്ടാകെ സജീവ പര്യടനവുമായി മുന്നേറുന്നു.
ഇന്നലെ രാവിലെ ബത്തേരിയിലെ യോഗ സെന്ററിൽ വ്യായാമത്തിനെത്തിയവരുമായി സംവദിച്ചാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് അന്പലവയൽ മുച്ചിലേരി ഉന്നതിയിൽ എത്തിയ സ്ഥാനാർഥിയെ പ്രദേശവാസികൾ സ്വീകരിച്ചു. കുപ്പമുടി, നരിക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു.
മാങ്ങോട് ഉന്നതിയിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. മുണ്ടനടപ്പ്, കൃഷ്ണഗിരി മേഖലകളിലും വിവിധ കേന്ദ്രങ്ങളിൽ പര്യടനം തുടരുകയും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. മീനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കുട്ടികളടക്കം നിരവധി പേർ സ്ഥാനാർഥിയോടൊപ്പം ഫോട്ടോ എടുക്കാനും ആശയവിനിമയം നടത്താനും എത്തി. പ്രചാരണത്തിനിടെ വിദ്യാർഥികൾക്കും സ്ത്രീകൾക്കും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവാക്കൾ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. മണ്ഡലത്തിലെ വിവിധ മേഖലകളിൽ വികസനത്തിനുള്ള ആവശ്യകതയും ചർച്ചയായി.
ഇന്ന് വൈകുന്നേരം നാലിന് സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന കലാശക്കൊട്ടോടെ മണ്ഡലത്തിലെ പരസ്യപ്രചാരണം സമാപിക്കും. എൻ.പി. കുഞ്ഞുമോൾ, എ. രാജൻ, ബീന വിജയൻ, സി. അസൈനാർ, സുരേന്ദ്രൻ, വി. അബ്ബാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.