ഉടുമ്പന്നൂര്‍: വശങ്ങള് ഇടിഞ്ഞതിനെത്തുടര്‍ന്ന് മലയിഞ്ചി - ബൗണ്ടറി റോഡ് അപകടാവസ്ഥയിൽ. മലയിഞ്ചി, ആള്‍ക്കല്ല് മേഖലകളിലെ നൂറുകണക്കിന് ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമാണ് മലയിഞ്ചി - ബൗണ്ടറി റോഡ്. റോഡിന്റെ സംരക്ഷണ ഭിത്തി നിര്മിക്കാത്തതുമൂലമാണ് ഇപ്പോള്‍ വശങ്ങള് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.
ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിന്റെ ഒരു വശം പൂര്‍ണമായും ഇടിയുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസുകളും സ്കൂള്‍ ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് കാലവര്‍ഷം ശക്തമാകുന്നതോടെ കൂടുതല്‍ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹന യാത്രക്കാരന് ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് കാര്യമായ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടത്.
റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ അവധി ദിവസങ്ങളിലും മറ്റും നിരവധി വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന മലയിഞ്ചി പ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Malainchi-Boundary Road