പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: പിതൃസഹോദരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേരെ പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് വിനീത വി.പൈ. വിവിധ വകുപ്പുകളിലായി ഏഴ് മാസം തടവിനും 2000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
അമ്മിണിക്കാട് സ്വദേശികളായ ചോലമുഖത്ത് വീട്ടിൽ റഷീദ്, ബാബു എന്ന ഫിറോസ് ബാബു, റഫീഖ്, സനൂബ് എന്ന ഷാനബ്, ആലിക്കപ്പറന്പിൽ മുഹമ്മദ് മുസ്തഫ എന്ന മമ്മദ് എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ പിഴ അടയ്ക്കുന്ന പക്ഷം പിഴ തുക രണ്ടാം സാക്ഷിയായ പരാതിക്കാരന്റെ ഭാര്യക്ക് നൽകാനും കോടതി ഉത്തരവായി.
2019ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീടിന്റെ കിഴക്കുവശം മതിലിനോട് ചേർന്നുവെള്ളം കെട്ടിനിന്നതിലുള്ള വിരോധം വച്ച് പ്രതികൾ പരാതിക്കാരനെ വിളിച്ചുവരുത്തി കന്പിപാര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
വിചാരണ കാലയളവിനിടെ മരണപ്പെട്ട പരാതിക്കാരന്റെ അഭാവത്തിൽ സംഭവത്തിന് ദൃക്സാക്ഷിയായ പരാതിക്കാരന്റെ ഭാര്യയുടെ മൊഴി കേസിൽ നിർണായകമായി. അഞ്ചാം പ്രതി മുഹമ്മദ് മുസ്തഫ കോടതിയിൽ ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. നവാബ്ഖാൻ ഹാജരായി.