കടനാട്: പഞ്ചായത്ത് മേരിലാൻഡ് അഞ്ചാം വാര്‍ഡില്‍ ജനവാസ മേഖലയില്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മിറ്റി തടഞ്ഞു. ഇവിടെ ട്രീട്രീക് ഫ്ളൈ ആന്‍ഡ് ബോര്‍ഡ്സ് എന്ന സ്ഥാപനത്തില്‍ 290 എച്ച്പി മെഷീനറി സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ അപേക്ഷ നൽകിയിരുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് പ്രദേശങ്ങളിലേക്കുള്ള ഇഞ്ചികാവ്-മേരിലാൻഡ് റോഡിലാണ് ഫാക്ടറിക്കായി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നീലൂര്‍ നൂറുമലയുടെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ മെഷീനറി സ്ഥാപിച്ച് ഫാക്ടറി തുടങ്ങിയാല്‍ ജനങ്ങളുടെ ആശ്രയമായ മേരിലാൻഡ്-അരുവിക്കുഴി-കടനാട് തോടിന്റെ മലിനീകരണത്തിന് കാരണമാകും. ഈ കെട്ടിടത്തിന് 320 എ എന്ന കെട്ടിട നമ്പരും സമ്പാദിച്ചിരുന്നു. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് മെഷീന് സ്ഥാപിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്.