പ്രതീകാത്മക ചിത്രം
ചാരുംമൂട്: ഒടുവിൽ അധികൃതർ കണ്ണ് തുറന്നു. കാടുകയറിയതിനെത്തുടർന്ന് അപകടം വർധിച്ച കൊല്ലം-തേനി ദേശീയപാതയോരം ശുചീകരിക്കാൻ നടപടിയായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയോരം ശുചീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ദേശീയപാതയിലെ മാങ്കാംകുഴി-ചാരുംമൂട് റോഡാണ് ഇപ്പോൾ ശുചീകരിക്കുന്നത്.
കൊല്ലം-തേനി ദേശീയപാതയോരം കാടുകയറി അപകടസാധ്യത വർധിച്ചത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാതയോരം ശുചീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാബോര്ഡുകൾവരെ കാടുപിടിച്ച അവസ്ഥയായിരുന്നു. മുമ്പ് തൊഴിലാളികൾ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിലും ഇത് സമയബന്ധിതമായി നടത്താത്തതുമൂലം പാതയോരം പൂർണമായി കാട് കയറുകയായിരുന്നു. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയായിരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കി.
കൂടാതെ ഇടറോഡുകളിൽനിന്നു വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടത്തിനിടയാക്കിയിരുന്നു. കൊല്ലം-തേനി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് വെട്ടിയാർ പറക്കുളങ്ങര മുതൽ താമരക്കുളം വരെയുള്ള മേഖല. റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കൊല്ലം-തേനി ദേശീയ പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. പറക്കുളങ്ങരയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതും പതിവാണ്. ദേശീയപാത 20 മീറ്റർ വീതിയിൽ നാലുവരി പാതയാക്കി മാറ്റാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും നടപടികൾ നീളുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.