ചിറ്റൂർ: മീനാക്ഷിപുരം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹാരമാകാതെ നീളുന്നു. കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലായി കോൺക്രീറ്റ് ഇളകിവീഴുന്ന കെട്ടിടം നശിച്ചുവരികയാണ്. ബസ് സ്റ്റാൻഡ് കെട്ടിടം പുതുക്കിപ്പണിയാൻ എട്ടുവർഷംമുന്പ് തീരുമാനിച്ചിരുന്നു.
സ്റ്റാൻഡിനകത്തു പ്രവർത്തിച്ചിരുന്ന വ്യാപാരികളെ വർഷങ്ങൾക്കു മുന്പുതന്നെ ഒഴിപ്പിച്ചിരുന്നു. പരിസരത്തെ വ്യാപാരികൾ പണികൾ തുടങ്ങുന്നമുറയ്ക്ക് ഒഴിയാം എന്ന സമ്മതവും അറിയിച്ചിട്ടുണ്ട്.
ഇവിടെയെത്തുന്ന യാത്രികർ മഴയത്തും വെയിലത്തും റോഡിലോ വ്യാപാരസ്ഥാപനങ്ങളുടെ കീഴിലോ ആണ് ബസ് കാത്തുനിൽക്കുന്നത്. മഴ കനത്തതോടെ എവിടെയും നിൽക്കാൻ പറ്റാത്ത അവസ്ഥയായി.
കേരള- തമിഴ്നാട് അതിർത്തിയായതിനാൽ നിരവധി യാത്രക്കാരാണ് ദിനംപ്രതി മീനാക്ഷിപുരത്ത് എത്താറുളളത്. പൊള്ളാച്ചിയിലേക്കു നേരിട്ട് അന്തർസംസ്ഥാന ബസുകൾ കുറവായതിനാൽ പലരും മീനാക്ഷിപുരത്തെത്തിയാണ് ബസ് മാറിക്കയറുന്നത്.
ബസ് സ്റ്റാൻഡ് പുനർനിർമാണം തുടങ്ങുംവരെയെങ്കിലും താത്കാലിക കാത്തിരിപ്പുകേന്ദ്രമെങ്കിലും ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
Tags : Nattuvishesham Local News Meenakshipuram bus stand passengers are in dire straits