വേണാട് എക്സ്പ്രസിലെ തിരക്ക്.
ഏറ്റുമാനൂർ: എറണാകുളം-കോട്ടയം-കൊല്ലം പാതയിൽ ഉച്ചക്കുശേഷമുള്ള യാത്രതിരക്കിന് പരിഹാരം കാണാൻ കൂടുതൽ മെമു സർവീസുകൾ വേണമെന്നാവശ്യവുമായി യാത്രക്കാർ രംഗത്ത്. ഉച്ചക്കുശേഷം എറണാകുളത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനുകൾ റെയിൽവേ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കോട്ടയം റൂട്ടിലൂടെ ഉച്ചക്കുശേഷം സൂപ്പർഫാസ്റ്റ് ട്രെയിനുകളുണ്ടെങ്കിലും എറണാകുളം വിട്ടാൽ ഇവക്ക് പിന്നീട് കോട്ടയത്ത് മാത്രമാണ് സ്റ്റോപ്പുള്ളത്. ഉച്ചകഴിഞ്ഞ് 1.55ന് പരശുറാം എക്സ്പ്രസ് എറണാകുളം വിട്ടാൽ 5.20ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് പിന്നെ പാസഞ്ചർ ട്രെയിനായുള്ളത്.ഈ മൂന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും തൃപ്പൂണിത്തുറയിലുമെല്ലാം കാത്തുനിൽക്കുന്ന യാത്രക്കാർ ഒന്നടങ്കം വേണാട് എക്സ്പ്രസിൽ കയറുകയല്ലാതെ മാർഗമില്ല.
വൈകുന്നേരം 5.20ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളത്തുനിന്നു തന്നെ തിങ്ങിനിറയുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ തന്നെ യാത്രക്കാർക്ക് കയറാൻ സാധിക്കാത്ത സ്ഥിതിയാണ്.
തിരക്കുമൂലം ശ്വാസം ലഭിക്കാതെ യാത്രക്കാർ മോഹാലസ്യപ്പെട്ടു വീഴുന്നത് പതിവു കാഴ്ചയാണ്.ആഴ്ചയുടെ ആദ്യാവസാന ദിനങ്ങളിലും അവധിക്കു ശേഷം വരുന്ന ദിവസങ്ങളിലുമെല്ലാം വേണാട് എക്സ്പ്രസിൽ മുഴുവൻ യാത്രക്കാർക്കും കയറിപ്പറ്റാൻ പോലും സാധിക്കുന്നില്ല.
ജനപ്രതിനിധികൾ ഇടപെടണം
വൈകുന്നേരം മൂന്നിനും 4.30നുമിടയിൽ എറണാകുളത്തുനിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് മെമു സർവീസ് അനുവദിച്ചാൽ നിലവിലെ പ്രശ്നത്തിന് പരിഹാരമാകും.
എന്തുകൊണ്ടോ റെയിൽവേ അധികൃതർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണ്. എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Tags : Nattuvishesham Districtnews Deepikanews MEMU