കായംകുളം - പുനലൂർ (കെപി) റോഡ്.
കായംകുളം: പുനലൂർ-കായംകുളം കെപിറോഡിൽ വാഹനങ്ങൾ പെരുകിയിട്ടും റോഡിന് വീതിയില്ലാത്തത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. കെ.പി.റോഡിന്റെ ഭാഗമായ അടൂർ- കായംകുളം ഭാഗത്ത് റോഡിന് പൊതുവേ വീതി വളരെ കുറവാണ്. ബസുകൾ റോഡിൽത്തന്നെ നിർത്തിയാണ് ആളുകളെ കയറ്റിയിറക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ അടൂർ മുതൽ കായംകുളം വരെ ഉള്ളതിനാൽ മിക്കപ്പോഴും റോഡിൽ ഗതാഗതക്കുരുക്കാണ്. കൂടാതെ, റോഡിന്റെ പല ഭാഗത്തും വലിയ വളവുകളാണ്. പഴകുളം ഭാഗത്ത് എതിരേ വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത തരത്തിൽ വലിയ വളവാണ്.
നാലുവരിപ്പാതയ്ക്കായി വർഷങ്ങളുടെ കാത്തിരിപ്പ്
കെപി റോഡിലൂടെയുള്ള യാത്രാദുരിതം മാറ്റാൻ നാലുവരി പാതയെത്തുന്നു എന്ന് പറഞ്ഞിട്ട് വർഷങ്ങളായി. കായംകുളം- തൂത്തുക്കുടി ദേശീയപാതയുടെ ഭാഗമായി പാതയുടെ നിർമാണം നാലുവരിയാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള പ്രാഥമിക സർവേ നടപടികളും പൂർത്തിയായതാണ് . എന്നാൽ, പദ്ധതി നടപ്പായില്ല.
കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽനിന്ന് ആരംഭിച്ച് ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, പഴകുളം, അടൂർ, ഏഴംകുളം, പത്തനാപുരംവഴി പുനലൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് സർവേ നടപടികൾ നടന്നത്. പാതയിൽ രണ്ട് പ്രധാന പാലങ്ങൾ പുതുതായി വരുമെന്നും പ്രധാന ജംഗ്ഷനുകളുടെ വികസനവും പാതയുടെ ഭാഗമായി ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.
Tags : Nattuvishesham DistrictNews