കോണ്‍ക്ലേവ് മുഖ്യമന്ത്രി വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കോഴിക്കോടിന് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പരിപാടികളില്പങ്കെടുത്ത മുഖ്യമന്ത്രി ലൈറ്റ്മെട്രോ, തുറമുഖ നഗരം, എവിയേഷന്‍ ഹബ്ബ്, എഡ്യൂക്കേഷന്‍ ഹബ്ബ്, എം.ടി. വാസുദേവന്‍നായരുടെ നേതൃത്വത്തിലുളള കര്‍ച്ചറല്‍ പാര്‍ക്ക്, ഐടി പാര്‍ക്ക്, ക്രൂയിസ് ടെർമിനല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്.
കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ കാലിക്കട്ട് 360 ഡിഗ്രി കാലിക്കട്ട് വികസന കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ്, കോഴിക്കോട്ട് വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ലൈറ്റ് മെട്രോ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. പദ്ധതി നടപ്പിലാക്കാനുള്ള പഠനങ്ങളും നടപടികളും ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷന് സമുദ്ര
ബജറ്റില്‍ പ്രഖ്യാപിച്ച മിഷന് സമുദ്ര പദ്ധതിയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തും. കേരളത്തില്‍ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ തുറമുഖവും 18 മിനി തുറമുഖങ്ങളുമുണ്ട്. കേരളത്തിന് 600 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടലുണ്ട്.
കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും. കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ്, കണ്ടെയ്നര്‍ ഫെലിസിറ്റേഷന്‍ സെന്റര്‍, ട്രാന്‍ഷിപ്പ്മെന്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിന്റെ കൂടി വികസനമാക്കി മാറ്റും. കോഴിക്കോട്ടെ പ്രധാന തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഏവിയേഷന്‍ ഹബ്ബ്,
പാര്‍ക്കുകള്‍
കോഴിക്കോട് നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിന് പുതിയ സംവിധാനം ഉണ്ടാകണം. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളെയും കേന്ദ്രീകരിച്ച് ഏവിയേഷന്‍ ഹബ്ബ് തയ്യാറാക്കുന്നുണ്ട്.
ബജറ്റില്‍ പ്രഖ്യാപിച്ച എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള കള്‍ച്ചറല്‍ പാര്‍ക്ക് യഥാര്‍ഥ്യമാക്കും. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കോഴിക്കോട്ട് ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. കാലിക്കട്ട് സര്‍വകലാശാലയെ ഉള്‍പ്പെടുത്തി എജുക്കേഷന്‍ ഹബ്ബ് തയ്യാറാക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാങ്കാവ് പാലം വികസനം
മാങ്കാവ് പാലം ഉള്‍പ്പെടെയുള്ള പാലങ്ങളുടെ വികസനത്തിന് മുന്‍ഗണനയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് എന്‍ഐടിയുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും. കോഴിക്കോടിനെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി. സിദ്ദിഖ്, എം.കെ. രാഘവന് എംപി, മുന്‍ മന്ത്രി എം.കെ. മുനീര്‍, എംഎല്‍എമാരായ ഫൈസല്‍ ബാബു, കെ. ജയന്ത്, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews