സാബു ജേക്കബ് കുറ്റ്യാടി തൈകൾ ഉത്പാദിപ്പിക്കുന്ന ഗാർഡനിൽ.
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പറമ്പൽ ഭാഗത്തെ കുറ്റ്യാടിപ്പുഴയോരത്ത് മൂന്നര ഏക്കർ കൃഷിയിടത്തിൽ "കുറ്റ്യാടി' തെങ്ങിൻ തൈകളുടെ പറുദീസ ഒരുക്കി ട്രീസ ഗാർഡൻ.
പടത്തുകടവിലെ കർഷകൻ അന്പത്തിഒന്നുകാരനായ രണ്ടു പ്ലാക്കൽ സാബു ജേക്കബാണ് വർഷങ്ങളായി മികച്ചയിനം കുറ്റ്യാടി തെങ്ങിൻ തൈ ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വർഷവും ഇരുപതിനായിരത്തിൽപ്പരം തൈകളാണ് ട്രീസാ ഗാർഡനിൽ ഉത്പാദിപ്പിക്കുന്നത്. തൈകളെല്ലാം ഉടൻ തന്നെ വിറ്റു പോകുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കുന്നതാണിത്. ഈ വർഷവും ഇരുപതിനായിരം തൈകൾ ഉത്പാദിപ്പിക്കാനുള്ള സംരംഭം ആരംഭിച്ചു കഴിഞ്ഞു.
നാളികേര ബോർഡിന്റെയും കേരള സർക്കാറിന്റെയും ലൈസൻസ് ഈ ഗാർഡനുണ്ട്.
അതു കൊണ്ട് തന്നെ നൂറ് ശതമാനം ഗ്യാരണ്ടിയോടെയാണ് തെങ്ങിൻ തൈ ഉത്പാദനവും വിപണനവും നടത്തുന്നത്. തൈ ഒന്നിന് 200 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഗാർഡനിൽ നിന്ന് നൽകുന്ന ബില്ലുകളും രേഖകളും സമർപ്പിച്ചാൽ നാളികേര ബോർഡ് തിരിച്ച് ഒന്നിന് 350 രൂപ എന്ന തോതിൽ തൈ വാങ്ങുന്നവർക്ക് സബ്സിഡിയായി അക്കൗണ്ടിലേക്ക് നൽകും.
നാൽപത് വർഷം മുമ്പ് പിതാവ് ജേക്കബാണ് കുറ്റ്യാടി തെങ്ങിൻ തൈ ഉത്പാദനത്തിനു തുടക്കമിട്ടത്.
ഈ മാതൃക പിന്തുടർന്ന് താനും ഈ രംഗത്ത് സജീവമാകുകയായിരുന്നെന്ന് സാബു അഭിമാനത്തോടെ പറഞ്ഞു. സ്വന്തം കൃഷിയിടത്തിലെ തെങ്ങുകളിൽ നിന്നു തന്നെയാണ് വിത്തു തേങ്ങ സംഭരിക്കുന്നത്. കൃഷിക്കുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും ഗുണ മേന്മ നില നിർത്തുന്നതിൽ തികഞ്ഞ ജാഗ്രതയാണ് എന്നും പുലർത്തുന്നത്. കുറ്റ്യാടി ഇനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും മറ്റും വില കുറച്ച് തെങ്ങിൻ തൈകൾ നമ്മുടെ സംസ്ഥാനത്ത് ഏജൻസികൾ വിൽപന നടത്തുന്നുണ്ട്.
അത്തരം പ്രവർത്തികളിലൂടെ ലാഭം കൊയ്യാൻ ട്രീസാ ഗാർഡൻ ഒരിക്കലും താൽപര്യപ്പെടുന്നില്ലെന്നും സാബു ദീപികയോട് പറഞ്ഞു. ചെറുമണി അടക്കയുടെ തൈ ഉത്പാദനവും വിപണനവും ഒപ്പം നടത്തുന്നുണ്ട്. റമ്പുട്ടാൻ കൃഷിയിനത്തിലും മികച്ച വരുമാനം ഓരോ വർഷവും ലഭിക്കുന്നുണ്ട്. ഭാര്യ പ്രസീനയും മൂന്നു മക്കളും സാബുവിന്റെ കൃഷി സംരംഭത്തിൽ പ്രേരിത ശക്തിയായി ഒപ്പമുണ്ട്. കൃഷിയിലെ തന്റെ വിജയഗാഥ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും അദ്ദേഹം തൽപരനാണ്. ഫോൺ: 7907910130, 9447346325
Tags : Nattuvishesham Districtnews Deepikanews