എസ്എന്‍ഡിപി കുട്ടനാട് സൗത്ത് യൂണിയനില്‍ നേതൃത്വത്തിനെതിരേ നടന്ന പ്രതിഷേധ മാര്‍ച്ച്.
എടത്വ: എസ്എന്‍ഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയനില്‍ പുറത്തുനിന്നുള്ളവരെ ചെയര്‍മാനും കണ്‍വീനറുമായി നിയമിച്ചതിനെതിരേ പ്രതിഷേധം. യൂണിയന് പരിധിയിലെ ശാഖകളില്‍ നിന്നു തന്നെ നേതൃത്വം തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തില്‍ എടത്വായില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. ഇന്നലെ എടത്വ സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എടത്വ പാലം പിന്നിട്ട് ടൗണിലെ കുരിശടിക്ക് സമീപമെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. തുടര്‍ന്ന് എടത്വ ടൗണിന് മുന്നില്‍ പ്രതിഷേധയോഗം നടത്തി.
കുട്ടനാട് സൗത്ത് യൂണിയനിലെ 41 ശാഖകളില്‍ നിന്ന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പുറത്തുനിന്നുള്ള നേതൃത്വത്തെ ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുപ്പതിലേറെ ശാഖകളിലെ ഭാരവാഹികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കഴിഞ്ഞ ഏഴുവര്‍ഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന യൂണിയന് കമ്മിറ്റി ഓഗസ്റ്റ് 12ന് പുനഃസംഘടിപ്പിച്ചിരുന്നു. യൂണിയന് പരിധിക്ക് പുറത്തുള്ള അനില്‍ പി. ശ്രീരംഗത്തെ ചെയര്‍മാനായും കൊല്ലം സ്വദേശി സന്ദീപ് പച്ചയിലിനെ കണ്‍വീനറായും നിയമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ശാഖാ ഭാരവാഹികളുമായി ആലോചിച്ച് പുതിയ നേതൃത്വം തെരഞ്ഞെടുക്കുന്നതുവരെ പുറത്തുനിന്നുള്ള നേതൃത്വത്തെ ബഹിഷ്കരിക്കുമെന്നും യൂണിയന് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും ശാഖാ കോഓർഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
Tags : Nattuvishesham DistrictNews