ചെങ്ങന്നൂർ: ട്രെയിൻ മാർഗമെത്തിച്ച ഒരു ലക്ഷം രൂപയുടെ 26 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ബംഗാൾ മാൾഡ സ്വദേശിയായ നൂർ ആലം (25) ആണ് ഇന്നലെ രാവിലെ 9.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായത്.
ചെന്നൈ മെയിലിൽ എത്തിയ ഇയാളെ എക്സൈസ് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ പട്രോളിംഗിന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി കുറച്ചുനാളുകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
അസി. ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി. ആർ. ബിനോയ്, എച്ച്. മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. അമൽ, എം. ആർ. റെനീഷ്, ജി. പ്രവീൺ, വനിതാ ഓഫീസർമാരായ വിജയലക്ഷ് മി, ബബിത, ഡ്രൈവർ എസ്. ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.